കൊല്ലം: കൊല്ലം അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. 5 കെ എസ് യു പ്രവർത്തകർക്കും 4 എസ്എഫ്‌ഐ പ്രവർത്തകനും പരിക്ക് പറ്റി.  3 പേർക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാർത്ഥികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ വച്ച് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കോളജിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോളജിനുള്ളിൽവച്ചും അഞ്ചൽ കോൺഗ്രസ് ബ്ലോക്ക് ഓഫിസിനു മുന്നിൽവച്ചും ഇരുകൂട്ടരും ഏറ്റുമുട്ടി. 

എസ് എഫ് ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളിൽ കടന്ന് കെ എസ് യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. തുടർന്ന് ഇരുവിഭാഗവും അഞ്ചലിലൂടെ പ്രകടനമായെത്തി ഇരു വിഭാഗത്തിന്റേയും കൊടി തോരണങ്ങളും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചു