കാസർകോട്: കാസർകോട് ഉപ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ റാഗിങ് സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ റാഗിങ്ങിനിരയായ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകിയതോടെയാണ് കേസെടുത്തത്. ഉപ്പള ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥികളായ എട്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

342, 355 വകുപ്പുകൾ പ്രകാരമാണ് കേസ്. തടഞ്ഞ് വെക്കൽ, മാനഹാനിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉപ്പള ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മുടിമുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷൻ ദൃശ്യ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ പൊലീസ് മേധാവി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവരോട് കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ നിർദേശിച്ചു. സ്‌കൂളിന് പുറത്ത് വച്ചാണ് സംഭവം നടന്നത്. മുടി മുറിക്കുന്ന രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കിൽ നടപടിയെടുക്കാമെന്നാണ് അദ്ധ്യാപകരുടെ നിലപാട്. സ്‌കൂളിൽ ഇത്തരം സംഭവങ്ങൾ നേരത്തെയും നടന്നതായാണ് പ്രദേശവാസികളും പറയുന്നത്.

മുടിമുറിച്ചും ഫാഷൻ പരേഡ് മാതൃകയിൽ നടത്തിച്ചും നവാഗതരായ പ്ലസ്വൺ വിദ്യാർത്ഥികളെ റാഗിങ്ങിനിരയാക്കിയെന്നാണ് പരാതി. റാഗിങ്ങിന് ഇരയായ കുട്ടികളിൽ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിന് സമീപത്തെ കടയിൽ വച്ചായിരുന്നു റാഗിങ്.

വിദ്യാർത്ഥിയുടെ മുടി കത്രിക കൊണ്ട് മുറിച്ചു മാറ്റുന്ന വീഡിയോ വ്യാഴാഴ്ച വൈകീട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റു വിദ്യാർത്ഥികളെയും റാഗ് ചെയ്യുന്ന വീഡിയോകൾ പ്രചരിച്ചു തുടങ്ങി. എന്നാൽ റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ ആരും തന്നെ ആദ്യഘട്ടത്തിൽ പരാതി ഉന്നയിച്ചിരുന്നില്ല. എന്നാൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ കേസെടുത്തിന് പിന്നാലെ വിദ്യാർത്ഥി പരാതിപ്പെടുകയായിരുന്നു.