ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയായിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്തമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.

ചരക്കു വിമാനങ്ങളും പ്രവാസികളെ തിരികെ കൊണ്ടു വരുന്നതിനായുള്ള പ്രത്യേക വിമാനങ്ങളും ഒഴികെയുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ കഴിഞ്ഞ മാർച്ച് മുതൽ നിർത്തി വച്ചിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കിയതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ ഉടമ്പടികൾക്ക് മുൻകൈ എടുത്തിരുന്നു.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷൻ നിരക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം. പതിനാല് രാജ്യങ്ങളെ ഒഴിവാക്കിയാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. യുകെ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, ഫിൻലാൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വെ, സിംഗപ്പൂർ എന്നിവയാണ് 14 രാജ്യങ്ങൾ. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വിമാന സർവീസുകൾ പുനഃരാരംഭിക്കാത്തത്. ഈ രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾക്ക് ചില നിയന്ത്രണങ്ങളോടെ സഞ്ചരിക്കാം.