തിരുവനന്തപുരം: വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച കേസിൽ കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട നാല് പേർ അറസ്റ്റിൽ. പോത്തൻകോട്ട് വാവറ അമ്പലം സ്വദേശി മുഹമ്മദ് ഷിബിനാണ് മർദ്ദനമേറ്റത്. മർദ്ദിച്ച ശേഷം ബലമായി ലഹരിവസ്തുക്കളും നൽകി. വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ നാല് പേരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്‌റഫ്, അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഞാറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. മംഗലപുരത്തെ വീട്ടിൽ ഷിബിന്റെ സുഹൃത്ത് ഷിനാസ് എത്തി. സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിൽ നിന്ന് വിളിച്ചിറക്കി ആളൊഴിഞ്ഞ ഒരു പുരയിടത്തിലെത്തിച്ചു. അവിടെ കാത്തു നിന്ന മൂന്നംഗ സംഘം ഷിബിനോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോൾ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ച ഷിബിന്റെ മർദ്ദിച്ചു. നിവൃത്തിയില്ലാതെ ഷബിന് ബീഡി വലിക്കേണ്ടിവന്നു.

കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത പ്രതികൾ മർദ്ദനം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലുള്ള അമ്മയെ ആക്രമിക്കുമെന്നും പറഞ്ഞു. ഇന്നലെ ഷിബിന്റെ അമ്മ മംഗലപുരം പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ സംഘം രാത്രി പോത്തൻകോട് വാവറയമ്പലത്തെ ഷിബിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി.