പുന്നയൂർക്കുളം: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ 43 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജി എംപി. ഷിബു കഠിന തടവിന് ശിക്ഷിച്ചത്. 43 വർഷത്തെ തടവിന് പുറമേ 1.75 ലക്ഷം രൂപ പിഴയും അടക്കണം.

കുട്ടിയെ പീഡിപ്പിച്ചതിന് 2016ലാണ് പൊലീസ് ജിതിനെതിരെ കേസ് എടുത്തത്. ജിതിൻ കുട്ടിയെ പലവട്ടം ലൈംഗിക ചൂഷണം നടത്തിയെന്നാണ് വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. വടക്കേകാട് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ള ഇയാൾ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്. പ്രോസിക്യൂഷനു വേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) കെ.എസ്.ബിനോയ് ഹാജരായി.