പാലക്കാട്: മോഫിയയുടെ മരണത്തിന്റെ അലയൊലികൾ അടങ്ങും മുമ്പേ മറ്റൊരു ആത്മഹത്യയും. 19കാരി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. മാങ്കുറുശ്ശി കക്കോടാണ് സംഭവം. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്ല (19) ആണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു നഫ്‌ളയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം നഫ്‌ളയുടെ മരണം ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ചു സഹോദരൻ നഫ്‌സൽ രംഗത്തെത്തി. പത്ത് മാസം മുൻപായിരുന്നു നഫ്‌ളയുടെ വിവാഹം. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ കമുറുലൈസ ദമ്പതികളുടെ മകളായ നഫ്ലയും മുജീബും 10 മാസം മുൻപ് വിവാഹിതരായി. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു.

മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആർഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി കബറടക്കി.