ഭോപാൽ: ഭർതൃപിതാവിനെതിരെ പീഡന പരാതിയുമായി 21കാരി രംഗത്ത്. പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് സ്‌കൂളിൽ പോകുന്ന സമയത്ത് ഭർതൃപിതാവ് പീഡിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ താമസിക്കുന്ന രാജസ്ഥാൻകാരിയാണ് ഭർതൃപിതാവിനെതിരേ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവിനെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു.

ഭർത്താവ് സ്‌കൂളിൽ പോയാൽ ഭർതൃപിതാവ് വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പരാതിക്കാരിയുടെ ആരോപണം. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭർതൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഗുണ സ്വദേശിയായ 22-കാരനാണ് പരാതിക്കാരിയുടെ ഭർത്താവ്. ഇയാൾ ഗുണ ടൗണിലെ സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങൾക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവിനൊപ്പമെത്തിയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതിയിൽ നൽകിയത്. പിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും ഭാര്യയെ പിന്തുണച്ചാൽ തന്നെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായി 22-കാരനും മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, മരുമകളുടെ പരാതി വ്യാജമാണെന്നാണ് ഭർതൃപിതാവ് പറയുന്നത്. കുടുംബത്തിലെ സ്വത്ത് തർക്കമാണ് പരാതിക്ക് പിന്നിലെന്നും ഭർതൃപിതാവ് ആരോപിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഇതിനുശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.