മുണ്ടക്കയം: സഹകരണ സംഘം ഓഫിസിൽ ബൈക്കിലെത്തിയ യുവാവ് ജീവനക്കാരിയുടെ മാല കവർന്നു. പെരുവന്താനം വനിതാ സഹകരണസംഘം ഓഫിസിൽ എത്തിയ മോഷ്ടാക്കൾ ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നാലര പവൻ സ്വർണമാല കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് സംഭവം.

സംഭവസമയത്ത് ഓഫിസിൽ ജീവനക്കാരി കൊക്കയാർ സ്വദേശിനി രജനി മാത്രമാണ് ഉണ്ടായിരുന്നത്. രജനി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയം ഓഫിസിൽ കയറിയ യുവാവ് ഓടിയെത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയും എതിർത്തതോടെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മാല അപഹരിക്കുകയും ചെയ്‌തെന്നു പരാതിയിൽ പറയുന്നു. രജനിയുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ, ബൈക്കിൽ കയറി ചുവപ്പ് ഷർട്ട്ധാരിയായ യുവാവ് പോകുന്നതു കണ്ടെന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി പറഞ്ഞു.

കവർച്ചയ്ക്കു ശേഷം ബൈക്ക് കുട്ടിക്കാനം ഭാഗത്തേക്കാണ് പോയത്. ഈ റൂട്ടിൽ നിന്നു ചുഴുപ്പ് വഴി പാഞ്ചാലിമേട്, അമലഗിരി റൂട്ടിൽ പോയതായും സംശയമുണ്ട്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.