മേരിലാന്റ്: ഇന്ത്യയിൽ നിന്നും രണ്ടു വർഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവാവ് ശേഖർ മണ്ഡലി (28) വാഹനാപകടത്തിൽ മരിച്ചു.

നവംബർ 19-ന് നടന്ന അപകടത്തിൽ മരിച്ച ശേഖറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ സഹായം കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. നോർത്ത് അമേരിക്കൻ തെലുങ്ക് അസോസിയേഷൻ നേതാക്കൾ ഇന്ത്യൻ എബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

2017-ൽ യൂണിവേഴ്സിറ്റി ഓഫ് ഇറ്റലിയിൽ നിന്നും ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഖർ 2018-ൽ അമേരിക്കയിലെത്തി ഇവന്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോൾ എസ് യുവി വാഹനം തട്ടിയ ഇയാളെ ഹവാർഡ് കൗണ്ടി ആശുപത്രയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന ചെലവിലേക്കായി സുഹൃത്തുക്കൾ ഗോ ഫണ്ട് മീ ആരംഭിച്ചു. ഇതുവരെ 30,000 ഡോളർ ആറുനൂറ് പേരിൽ നിന്നും ശേഖരിക്കാനായിട്ടുണ്ട്.

ശേഖറിന്റെ ആകസ്മിക നിര്യാണത്തിൽ നോർത്ത് അമേരിക്ക തെലുങ്ക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.