സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ അദ്ധ്യാപകർ പണിമുടക്കി നൊരുങ്ങുന്നു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ ശമ്പള വർധനയില്ലായ്മ ചൂണ്ടിക്കാട്ടി ഡിസംബർ ഏഴിനാണ് പണിമുടക്കുന്നത്. 10 വർഷത്തിനിടെ ആദ്യമായാണ് സംസ്ഥാനവ്യാപകമായി അദ്ധ്യാപകർ പണിമുടക്കുന്നത്.

സ്‌കൂളുകളിൽ ജീവനക്കാരുടെ കുറവും വേതനം വർധിക്കാത്തതുമാണ് പണിമുടക്കിലേക്കു നയിച്ചതെന്ന് ടീച്ചേഴ്സ് ഫെഡറേഷൻ പറയുന്നു.അമിതമായ ജോലി ഭാരം, ജീവനക്കാരുടെ കുറവ്, കുറഞ്ഞ ശമ്പളം എന്നിവ ചൂണ്ടിക്കാട്ടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്കകൾ പരിഗണിക്കാൻ ന്യൂ സൗത്ത് വെയിൽസ് സർക്കാർ വിസമ്മതിക്കുകയാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് ആഞ്ചലോ ഗാവ്രിലാറ്റോസ് പറഞ്ഞു.

പോരായ്മകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ടെലിവിഷൻ, റേഡിയോ, പ്രിന്റ് പരസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി യൂണിയൻ പ്രചാരണവും നടത്തും.

പ്രതിവർഷം അഞ്ചു മുതൽ 7.5 ശതമാനം വരെ ശമ്പള വർധനയാണ് അദ്ധ്യാപകരും പ്രിൻസിപ്പൽമാരും ആവശ്യപ്പെടുന്നത്.ഓസ്‌ട്രേലിയൻ സ്‌കൂൾ റിസോഴ്‌സിങ് ടാസ്‌ക്‌ഫോഴ്‌സിന്റെ മുൻ മാനേജർ ആദം റോറിസിന്റെ റിപ്പോർട്ട് അനുസരിച്ച് 2031-ഓടെ 11,000 അദ്ധ്യാപകരെയെങ്കിലും സംസ്ഥാനത്ത് റിക്രൂട്ട് ചെയ്യേണ്ടതുണ്ട്.