തൃശൂർ: കുതിരാനിൽ വൻ ഗതാഗത കുരുക്ക്. കുതിരാൻ മുതൽ താണിപ്പാടം വരെ മൂന്ന് കിലോമീറ്റർ ദൂരമാണ് ഗതാഗത കുരുക്ക് നീണ്ടത്. പുതിയ ക്രമീകരണമാണ് ഗതാഗത കുരുക്കിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ ദിവസം മുതൽ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള ഒന്നാം തുരങ്കത്തിലൂടെ നിലവിൽ ഒറ്റവരിയാണ് ഗതാഗതം.

രണ്ടാം തുരങ്കത്തിന്റെ നിർമ്മാണം തീരണമെങ്കിൽ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. അങ്ങനെ വരുമ്പോൾ ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. ഇതിനാലാണ് തുരങ്കത്തിൽ രണ്ട് വരി ഗതാഗതം ഏർപ്പെടുത്തിയത്.

തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങളുടെ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കുതിരാൻ തുരങ്ക നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം സജ്ജമായി. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്.