ക്ഷിണാഫ്രിക്കയിൽ ഓമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനു ശേഷം അവിടെനിന്നും 50 വിമാനങ്ങളാണ് ബ്രിട്ടനിലെത്തിയതെന്ന് കണക്കുകൾവ്യക്തമാക്കുന്നു. അതിവ്യാപനശേഷിയും അതീവ പ്രഹരശേഷിയും ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ മാരക വകഭേദം ഇക്കഴിഞ്ഞ നവംബർ 11 നാണ് ബോത്സ്വാനയിൽ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ആ മേഖലയിലാകെ പടർന്ന ഈ പുതിയ വൈറസ് യൂറോപ്പിലേക്കും വിദൂര പൂർവ്വ ദേശങ്ങളിലേക്കും വരെ പരക്കുകയായിരുന്നു.

പുതിയ വകഭേദത്തെ കുറിച്ചുള്ള ആശങ്കയും ഭയവും ലോകമാകെ പടരുമ്പോൽ ദക്ഷിണാഫ്രിക്ക, ബോത്സ്വാന, ലെസോതോ ഈശ്വാറ്റിനി, സിംബാംബ്വേ നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ ഇന്നലെ ബ്രിട്ടൻ നിരോധിച്ചിരുന്നു. എന്നാൽ, നവംബർ 11 നും, അതായത് പുതിയ വകഭേദത്തെ കണ്ടെത്തിയ ദിവസം നവംബർ 26 നും ഇടയിൽ കേപ്പ് ടൗണിൽ നിന്നുംജോഹന്നാസ്ബർഗിൽ നിന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയത് നേരിട്ടുള്ള 48 വിമാനങ്ങളായിരുന്നു.

ഈ ദിനങ്ങളിൽ പ്രതിദിനം രണ്ട് ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങളും ഒരു വെർജിൻ അറ്റ്ലാന്റിക് വിമാനവും സർവ്വീസ് നടത്തിയിരുന്നു. ഓരോ വിമാനവും 300 യാത്രക്കാരെ വഹിച്ചിരുന്നു എന്ന് കരുതുകയാണെങ്കിൽ ഈ പുതിയ വകഭേദത്തെ കണ്ടെത്തിയതിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രിട്ടനിലെത്തിയത് 14,400 പേരാണ്. അതായത്, കേവലം രണ്ടു രോഗികളിൽ ഈ വൈറസ് വകഭേദം ഒതുങ്ങാൻ സാദ്ധ്യതയില്ലെന്നർത്ഥം. നിലവിൽ നോട്ടിങ്ഹാമിലും ബ്രെന്റ്വുഡിലും സ്ഥിരീകരിച്ചിരിക്കുന്ന ഓമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്ക സന്ദർശിച്ച് മടങ്ങിയവരിലാണെന്നതും ഓർക്കണം.

ആശങ്കയുണർത്തുന്ന വകഭേദം എന്ന വിഭാഗത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥിതിക്ക് ക്രിസ്ത്മസ്സ് കാലത്ത് ഒരു ലോക്ക്ഡൗൺ ആവശ്യമായി വരുമോ എന്നകാര്യത്തിൽ പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും വ്യക്തമായ ഉത്തരം തരുന്നില്ല എന്നത് അത്തരമൊരു ലോക്ക്ഡൗണിന്റെ സാദ്ധ്യത തള്ളിക്കളയാൻ ആകില്ല എന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷത്തെ ക്രിസ്ത്മസ്സിനേക്കാൾ മെച്ചപ്പെട്ടതായിരിക്കും ഈ വർഷത്തേതെന്ന് പറഞ്ഞ് ബോറിസ് ജോൺസൺ ഒഴിഞ്ഞുമാറിയപ്പോൾ വാക്സിൻ പദ്ധതിയുടെ വിജയത്തിൽ പ്രതീക്ഷ അർപ്പിക്കുക മാത്രമാണ് സാജെദ് ജാവിദ് ചെയ്തത്.

അതിനിടയിൽ, ദക്ഷിണാഫ്രിക്കയിൽ നിന്നും രണ്ടു വിമാനങ്ങളിലായി നെതർലാൻഡ്സിലെത്തിയ 600 യാത്രക്കാരിൽ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത ബ്രിട്ടനിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇവരിൽ ഏത് വകഭേദമാണ് ഉള്ളത് എന്ന വസ്തുത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേമയം, പുതിയ വകഭേദത്തെ ചെറുക്കാൻ പുതിയ വാക്സിൻ ആവശ്യമെങ്കിൽ അത് എത്രയും പെട്ടെന്ന് വികസിപ്പിക്കണം എന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ തലവൻ പ്രൊഫസർ സർ ആൻഡ്രൂ പറഞ്ഞു.

അതേസമയം, ഓമിക്രോണിലും മ്യുട്ടേഷൻ സംഭവിച്ചിരിക്കുന്നത് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളിൽ മ്യുട്ടേഷൻ കണ്ടെത്തിയ അതേ ഭാഗങ്ങളിലാണെന്നും അതിനാൽ തന്നെ ഇപ്പോൾ നിലവിലുള്ള വാക്സിനുകൾക്ക് ഓമിക്രോണിനെയും ചെറുക്കാനാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, വലിയൊരു വിഭാഗം ശാസ്ത്രജ്ഞന്മാർക്ക് ഇത്രയും ശുഭാപ്തി വിശ്വാസം ഇക്കാര്യത്തിലില്ല എന്നതാണ് വാസ്തവം.