- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ ജനിതക ശ്രേണീകരണ മികവിന് ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കരുത്; മറ്റു പല രാജ്യങ്ങളിലും ഒമിക്രോൺ ഉണ്ടെങ്കിലും കണ്ടെത്താതതിനാൽ ഞങ്ങൾക്ക് മാത്രം ഒറ്റപ്പെടൽ; ലോകത്തെ രക്ഷിച്ചതിന് ലോകം ശിക്ഷിച്ചതിൽ പരിതപിച്ച് ദക്ഷിണാഫ്രിക്ക
ചൈനയിലെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ അക്കാര്യം മൂടിവെച്ച് അസത്യങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിച്ച് കൊറോണ വൈറസിനെ ലോകം മുഴുവൻ പടരാൻ അനുവദിക്കുകയായിരുന്നു ചൈന ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ട കൃത്യ സമയത്തു തന്നെ അതിനെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തിയിരുന്നെങ്കിൽ, ഏതാനും മാസങ്ങൾക്കകം തന്നെ കൊറോണ അപ്രത്യക്ഷമാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഏതായാലും, ദക്ഷിണാഫ്രിക്ക ചൈനയുടെ വഴി പിന്തുടർന്നില്ല. തങ്ങളുടെ പൈതൃകവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടു തന്നെ അവർ ലോകത്തോട് സത്യം വിളിച്ചുപറഞ്ഞു.
അങ്ങനെയാണ് ഇന്ന് ലോകം ഭയക്കുന്ന ഒമിക്രോൺ എന്ന വകഭേദത്തെ കുറിച്ച് ലോകം അറിയുന്നത്. അധികം വ്യാപകമാകുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് അറിഞ്ഞതിനാൽ ഇതിനെ കാര്യക്ഷമമായി തടയാൻ കഴിയും എന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയുടെ ഈ സത്യസന്ധതയ്ക്കും മനുഷ്യത്വപരമായ പ്രതികരണത്തിനും പക്ഷെ ലോകം അവരെ ശിക്ഷിക്കുകയാണ്. തങ്ങൾ ശിക്ഷിക്കപ്പെടേണ്ടവരല്ല, മറിച്ച് അഭിനന്ദിക്കപ്പെടേണ്ടവരാണ് എന്നാണ് ദക്ഷിണാഫ്രിക്കൻ ജനങ്ങൾ പറയുന്നത്.
പല വിദഗ്ദരും പറയുന്നത് പുതിയ വകഭേദം വാക്സിന്റെ ശക്തിയെ 40 ശതമാനം കുറയ്ക്കും എന്നാണ്. എന്നിരുന്നാലും മരണത്തിൽ നിന്നും രോഗം ഗുരുതരമാകുന്നതിൽ നിന്നും ഇപ്പോഴും വാക്സിനുകൾക്ക് തടയാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. എന്നിരുന്നാലും ഒരു മുൻകരുതൽ എന്ന നിലയിൽ ഈ വകഭേദത്തെ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടനും യൂറോപ്യൻ യൂണീയനുമൊക്കെ. ദക്ഷിണാഫ്രിക്കയുടെ ജനിതക ശ്രേണീകരണത്തിലെ മികവിനുള്ള പ്രതിഫലമായിട്ടാണ് ഈ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്താലയം വക്താവ് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആദ്യം കണ്ടെത്തിയതും ഈ വകഭേദത്തെ തിരിച്ചറിഞ്ഞതും ദക്ഷിണാഫ്രിക്കയിലായിരുന്നു. ഈ ശാസ്ത്രീയ മികവിനാണ് ലോകം തങ്ങളെ ശിക്ഷിക്കുന്നത് എന്നാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടെത്തിയ ഈ വകഭേദത്തിൽ പലതിനുംദക്ഷിണാഫ്രിക്കയുമായി ബന്ധമൊന്നുമില്ല. എങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ലോകം ആഗ്രഹിക്കുന്നതെന്നും വക്താവ് പറഞ്ഞു.
ബോത്സ്വാനയിലും ഹോങ്കോംഗിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിനു ശേഷം ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ഇസ്രയേലിലും ബെൽജിയത്തിലുമായിരുന്നു. അതുകഴിഞ്ഞു ബ്രിട്ടനിലും ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ജർമ്മനി, ചെക്ക് റിപ്പബ്ലിക്ക്, നെതെർലാൻഡ്സ്, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കും ഈ വകഭേദം എത്തിയതായി സംശയിക്കപ്പെടുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കോവിഡ് ദുരിതത്തിന് ഇരയായ രാജ്യമാണ് ദക്ഷിണാഫ്രിക്ക 2.95 മില്യൺ ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 89,783 പേർ ഇതിനോടകം മരണമടയുകയും ചെയ്തിട്ടുണ്ട്.
അതേസമയം വാക്സിൻ നിരക്കിലും ഏറെ പുറകിലാണ് ദക്ഷിണാഫ്രിക്ക. വാക്സിനുകൾ ദരിദ്ര രാജ്യങ്ങളുമായി പങ്കുവയ്ക്കാൻ തയ്യാറല്ലാത്ത സമ്പന്ന രാജ്യങ്ങളാണ് ഇപ്പോൾ തങ്ങളെ ക്രൂശിക്കാൻ വരുന്നതെന്ന് ഗോർഡോൺ ബ്രൗൺ പറയുന്നു.എന്നാൽ, ദക്ഷിണാഫ്രിക്കയിലെ കുറഞ്ഞ വാക്സിൻ നിരക്കിന് സമ്പന്നരാജ്യങ്ങളല്ല കാരണമെന്ന് ബ്രിട്ടീഷ് ഇമ്മ്യുണോളൊജിസ്റ്റായ ഡോ. ആൻഡ്രൂ ക്രോക്സ്ഫോർഡ് പറയുന്നു. വാക്സിനെ കുറിച്ചുള്ള സംശയങ്ങൾ നീക്കാത്തതിനാൽ കൂടുതൽ ആളുകൾ അത് എടുക്കാൻ മടിക്കുന്നതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയുടെ കൈയിൽ വാക്സിൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ ഡെപ്യുട്ടി ഡയറക്ടർ ഡോ. നിക്കോളാസ് ക്രിസ്പും വ്യക്തമാക്കി. വാക്സിൻ സ്റ്റോക്ക് ഉള്ളതിനാൽ അടുത്ത ഘട്ടം വാക്സിൻ വിതരണം വൈകിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്ക ഫൈസറിനോടും ജോൺസൺ ആൻഡ് ജോണസനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ മൊത്തം ജനസംഖ്യയുടെ 35 ശതമാനം പേരാണ് ദക്ഷിണാഫ്രിക്കയിൽ വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളേ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും പല ആഫ്രിക്കൻ രാജ്യങ്ങളേയും അപേക്ഷിച്ച് ഇത് വളരെ ഉയർന്ന വാക്സിൻ നിരക്ക് തന്നെയാണ്.
മറുനാടന് ഡെസ്ക്