2020 ആരംഭത്തിൽ ഉണ്ടായ പ്രതീതിയാണ് ലോകം മുഴുവൻ ഇപ്പോൾ നിൽക്കുന്നത്. എന്താണ് കൊറോണയെന്നറിയാതെ പകച്ചു നിന്ന ലോകം പിന്നെ ഒന്നു രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ വാതിലുകൾ കൊട്ടിയടച്ച് വീടുകൾക്കുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു. അതിഭീകരമെന്ന് വിശ്വസിക്കപ്പെടുന്ന കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തുടരുമ്പോഴും അതേ അവസ്ഥയാണിപ്പോൾ ഉള്ളത്. എത്രമാത്രം ഭീകരമാണെന്നോ എങ്ങനെ നേരിടണമെന്നോ അറിയാതെ പകച്ചു നിൽക്കുകയാണ് ലോകം. എങ്കിലും വാക്സിനുകൾ കൊണ്ടും മറ്റ് നിയന്ത്രണങ്ങൾകൊണ്ടും ഈ ഭീകര വൈറസിനെ നിയന്ത്രിക്കാൻ ലോകം അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു.

ഇന്നലെ കൂടുതൽ ലോക രാജ്യങ്ങളിൽ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് ഇപ്പോൾ ആശങ്ക വർദ്ധിപ്പിക്കുന്നത്. മറ്റു വകഭേദങ്ങളേക്കാൾ അതിവ്യാപനശേഷിയുള്ളതാകാൻ സാദ്ധ്യതയുള്ളതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്‌ച്ച വിശേഷിപ്പിച്ച ഓമിക്രോണിന്റെ സാന്നിദ്ധ്യം ഇപ്പോൾ ആസ്ട്രേലിയ, ബെൽജിയം, ബോത്സ്വാന, ബ്രിട്ടൻ, ഡെന്മാർക്ക്, ജർമ്മനി, ഹോംങ്കോംഗ്, ഇസ്രയേൽ, ഇറ്റലി, നെതർലാൻഡ്സ്, ഫ്രാൻസ്, കാനഡ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച വരെ വെറും നാലു രാജ്യങ്ങളിൽ മാത്രമായിരുന്നു ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നത്.

2020-നെ അനുസ്മരിപ്പിക്കുന്ന മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് ലോകം പോകുമോ എന്ന ആശങ്കയുയർത്തി കൂടുതൽ രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കടുത്ത നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത് ഇസ്രയേൽ ആണ്. വിദേശികളെ, അവർ ഏതു രാജ്യകാരായാലും ഇസ്രയേലിൽ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല എന്നതാണ് ഒമിക്രോൺ നിയന്ത്രണത്തിനായി ഇസ്രയേൽ എടുത്തിരിക്കുന്ന ഒരു നടപടി. ഭീകരവാദികൾക്കെതിരെ ഉപയോഗിക്കുന്ന, അതീവ കാര്യക്ഷമമായ ഫോൺ ട്രാക്കിങ് സിസ്റ്റം കോവിഡ് രോഗികളെ കണ്ടെത്താനും ഉപയോഗിക്കും.

അടുത്ത 14 ദിവസത്തേക്കാണ് ഈ നിയന്ത്രണം എന്നാണ് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പറഞ്ഞു. അതിനകം, വാക്സിനുകൾ ഈ വകഭേദത്തേ നേരിടുന്നതിൽ എത്രമാത്രം കാര്യക്ഷമമാണെന്ന വസ്തുത അറിയാനാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദേശങ്ങളിൽ നിന്നുള്ള ഇസ്രയേലി പൗരന്മാർ തിരികെ എത്തിയാൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. മറ്റു പലരാജ്യങ്ങളിലും ക്വാറന്റൈൻ വീണ്ടും നിർബന്ധമാക്കുകയാണ്.

ഇന്നലെ ഒമിക്രോൺ ക്വാറന്റൈൻ ഹോട്ടലിൽ നിന്നും ഒളിച്ചു കടന്ന് ഹോളണ്ടിന് പുറത്തേക്കുള്ള വിമാനത്തിൽ കയറിയ ദമ്പതിമാരെ ഡച്ച് പൊലീസ് അറസ്റ്റ്ചെയ്തു. ദക്ഷിണഫ്രിക്കയിൽ നിന്നുമെത്തിയ കോവിഡ് രോഗികൾക്ക് ക്വാറന്റൈൻ ഒരുക്കുന്ന ഹോട്ടലിൽ നിന്നും ഒളിച്ചുകടന്ന് ഇവർ ഷിഫോൾ വിമാനത്താവളത്തിലെത്തിയാണ് വിമാനം കയറിയത്. ആ സമയത്താണ് ഡച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. വിമാനം പറന്നുയരുന്നതിനു തൊട്ടു മുൻപായിരുന്നു അറസ്റ്റ്.

അതേസമയം കോമിക്രോൺ ആകാൻ സാദ്ധ്യതയുള്ള എട്ട് കേസുകൾ രാജ്യത്ത് കണ്ടെത്തിയതായി ഇന്നലെ ഫ്രഞ്ച് ആരോഗ്യകാര മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. അതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രാൻസും. അതോടൊപ്പം കാനഡയിൽ രണ്ടു രോഗികളിൽ ഒമിക്രോണിന്റെ സാന്നിദ്ധയം സ്ഥിരീകരിച്ചതായി കനേഡിയൻ ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കോവിഡിന്റെ അഞ്ചാം തരംഗത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഫ്രാൻസിൽ ഇപ്പോൾ രോഗവ്യാപനം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അതിനിടയിൽ, അതിവ്യാപനശേഷിയുള്ളതെന്ന് സംശയിക്കപ്പെടുന്ന ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

കാനഡയിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രണ്ടുപേർക്കുംനൈജീരിയൻ യാത്രക്കിടയിലാണ് കോവിഡ് ബാധ ഉണ്ടായത്. അതുപോലെ നെതർലാൻഡ്സിലെ ആദ്യ ഓമിക്രോൺ രോഗിക്ക് തുർക്കി- ഈജിപ്ത് യാത്രകൾക്ക് ശേഷമാണ് കോവിഡ് ബാധയുണ്ടായത്. ഇതെല്ലാം തെളിയിക്കുന്നത് ഇതിനോടകം തന്നെ ലോകത്തിന്റെ എല്ലാ മൂലകളിലും ഈ അതിഭീകര വകഭേദം എത്തിക്കഴിഞ്ഞിരിക്കാമെന്നാണ്. ചില രാജ്യങ്ങളീൽ മാത്രമേ കണ്ടെത്താനായുള്ളു എന്നത് വാസ്തവം തന്നെയാണെങ്കിലും.

ഇത്തവണയും യൂറോപ്പിൽ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ അവതാളത്തിലായേക്കുമെന്നതിന്റെ ആദ്യ സൂചനകൾ ലഭിച്ചു തുടങ്ങി. പുതിയ വകഭേദത്തിന്റെ വ്യാപനം ആശങ്കയുയർത്തിയതോടെ എല്ലാ ബ്രിട്ടീഷുകാരെയും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് സ്വിറ്റ്സർലാൻഡ് ഉത്തരവിറക്കി. ഉടൻ തന്നെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്യും. സ്വിസ്സ് പൗരന്മാർക്കും, പെർമെനന്റ് റെസിഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമായിരിക്കും സ്വിറ്റ്സർലാൻഡിൽ പ്രവേശിക്കാൻ കഴിയുക. എന്നാൽ, യാത്രക്ക് മുൻപായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. മാത്രമല്ല, സ്വിറ്റ്സർലാൻഡിൽ എത്തിയാൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും വിധേയമാകണം.

സ്വിറ്റ്സർലാൻഡുമായി അതിർത്തി പങ്കിടുന്ന ജർമ്മനിയിലും ഇറ്റലിയിലും ഒമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചെങ്കിലും സ്വിറ്റ്സർലാൻഡിൽ ഇതുവരെ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.സ്പെയിനും വിദേശികളോടുള്ള സമീപനം കടുപ്പിക്കുകയാണ്. ബ്രിട്ടനുൾപ്പടെ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും, വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവർക്ക് മാത്രമായിരിക്കും സ്പെയിനിൽ പ്രവേശിക്കാൻ കഴിയുക. കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ആസ്ട്രേലിയയിലും ഈ ഭീകരൻ എത്തിച്ചേർന്നിരിക്കുന്നു. ആഫ്രിക്കയിൽ നിന്നും സിഡ്നിയിൽ എത്തിയ രണ്ട് യാത്രക്കാരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഇരുവരും രോഗലക്ഷണങ്ങളൊന്നും പ്രദർശിപ്പിച്ചിരുന്നില്ല. മാത്രമല്ല, ഇരുവരും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരുമാണ് എന്ന് അധികൃതർ അറിയിച്ചു. 14 യാത്രക്കാർ അടങ്ങിയ ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. മുഴുവൻ സംഘാംഗങ്ങളേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2020-ലും ഇത്തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളിലൂടെയായിരുന്നു തുടക്കം അതാന് ഏതാണ്ട് മൂന്ന് മാസക്കാലം ലോകം മുഴുവൻ അടഞ്ഞുകിടന്ന ലോക്ക്ഡൗണിലേക്ക് വഴിതെളിച്ചത്. ആ ഓർമ്മകൾ ഇന്നും വേട്ടയാടുകയാണ് പലരേയും.

അതിനിടയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം യാത്രാ നിരോധനം പ്രഖ്യാപിച്ച ബ്രിട്ടനെതിരെ ദക്ഷിണാഫ്രിക്ക രംഗത്തെത്തി. തീർത്തും നീതീകരിക്കാനകാത്തതും അശാസ്ത്രീയവുമാണ് ബ്രിട്ടന്റെ നടപടി എന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൾ രാംഫോസ പ്രസ്താവിച്ചു. ബ്രിട്ടന്റെ നടപടിയെ തുടർന്ന് മറ്റ് പാശ്ചാത്യ രാജ്യങ്ങളും സമാനമായ സമീപനം സ്വീകരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നടപടികൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദരിദ്ര രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകർക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളു എന്നും അദ്ദെഹം ചൂണ്ടിക്കാട്ടി.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ റഗ്‌ബി ടീമുകൾ

റഗ്‌ബി ക്ലബ്ബുകളായ കാർഡിഫിലേയും മൺസ്റ്ററിലേയും കളിക്കാർ കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് യാത്രയോഴിവാക്കുവാൻ നിർബന്ധിതരായിരിക്കുകയാണ്. ഞായറാഴ്‌ച്ച രാത്രി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അവർക്ക് യാത്ര റദ്ദാക്കി ദക്ഷിണാഫ്രിക്കയിൽ ക്വാറന്റൈന് വിധേയരാകേണ്ടി വന്നത്. സൗത്ത് ആഫ്രിക്കയിൽ യുണൈറ്റഡ് റഗ്‌ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയവരാണ് ഇവർ. സ്‌കാർലെറ്റ് ടീം അംഗങ്ങൾ ഡബ്ലിനേക്കുള്ള വിമാനത്തിൽ തിരിച്ചു പോയി. അതുപോലെ ഇറ്റാലിയൻ ടീമായ സെബ്രെ യും ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചു.

എന്നാൽ കാർഡിഫിലേയും മൺസ്റ്ററിലേയും ചില കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവർക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത്. കാർഡിഫ് ടീമിൽ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ ഒരാൾക്ക് ഓമിക്രോൺ ആണെന്ന് സംശയിക്കപ്പെടുന്നു. മൻസ്റ്റെർ ടീമിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതോടെയാണ് രണ്ട് ടീമുകളുടെയും യാത്ര റദ്ദ് ചെയ്തത്.