- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവരെ തിരിച്ചയച്ച് കർണാടക: അതിർത്തികളിൽ പരിശോധന ശക്തം
മംഗളൂരു: ഒമിക്രോൺ ആശങ്കകൾക്കിടെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കോവിഡ് പരിശോധന കർശനമാക്കി കർണാടക. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്നവർക്കാണ് വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവരെ അതിർത്തികളിൽ തടുകയും തിരിച്ചയക്കുകയും ചെയ്തു. ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കു മാത്രമായിരിക്കും ഇതിൽ ഇളവുണ്ടാകുക. കാസർകോട് - മംഗളൂരു റൂട്ടിൽ ബസ് സർവീസ് വിലക്കിയിട്ടില്ല. എന്നാൽ, യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയിട്ടുണ്ട്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരുമായി തൃശൂരിൽ നിന്നു മൈസൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മുത്തങ്ങയ്ക്കു സമീപം ബന്ദിപുർ മൂലെഹോളെ ചെക്‌പോസ്റ്റിൽ തടഞ്ഞ് തിരിച്ചുവിട്ടു. 37 യാത്രക്കാരുണ്ടായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ 11 പേർക്കു മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളൂ.
തുടർയാത്രാ അനുമതി നൽകാനാവില്ലെന്ന് കർണാടക ഉദ്യോഗസ്ഥർ അറിയിച്ചതോടെ അര മണിക്കൂറോളം ബസ് അതിർത്തിയിൽ കിടക്കുകയും പിന്നീട് തിരികെ ബത്തേരി ഡിപ്പോയിലെത്തിക്കുകയും ചെയ്തു. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ നൽകി. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകാനിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് നാടുകളിലേക്കു തിരികെ പോകേണ്ടി വന്നു. സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരെ പിന്നീട് പുറപ്പെട്ട ബെംഗളൂരു ബസിൽ കയറ്റി വിട്ടു.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കോളജ് വിദ്യാർത്ഥികൾക്കു കൂട്ടത്തോടെ കോവിഡ് ബാധിക്കുകയും കോവിഡ് മൂന്നാം തരംഗ ഭീതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണു നടപടി. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നതിന് അതിർത്തിയിലെത്തിയ നൂറിലധികം സ്വകാര്യ വാഹനങ്ങളും തിരിച്ചയച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതാണ് കാരണം അതിർത്തി ചെക്‌പോസ്റ്റുകളിൽ ഇന്നലെ മുതൽ രാത്രിയിലും പരിശോധന കർശനമാക്കി.
ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്നലെ മുതൽ പരിശോധന കർശനമാക്കിയിരുന്നു. ഈ മാസം 12നു ശേഷം കേരളത്തിൽ നിന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയ വിദ്യാർത്ഥികളെ നിർബന്ധിത ആർടിപിസിആർ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുകളുമായി വരുന്നവർക്ക് 7 ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തും.
കർണാടകയിലേക്കു വരുന്ന എല്ലാ വിദ്യാർത്ഥികളും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. 7 ദിവസത്തിനു ശേഷം ഇവരെ വീണ്ടും പരിശോധിക്കും. ഈ മാസം 12 മുതൽ ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയ മുഴുവൻ വിദ്യാർത്ഥികളെയും പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.