ബെയ്ജിങ്: ചൈനയിൽ, നിയന്ത്രണങ്ങൾ ലഘൂകരിച്ചാൽ പ്രതിദിനം 6.3 ലക്ഷത്തിലധികം കോവിഡ് കേസുകൾ ഉണ്ടായേക്കുമെന്ന് പഠന റിപ്പോർട്ട്. ചൈന സീറോ ടോളറൻസ് സമീപനം ഉപേക്ഷിച്ച് യാത്രാ നിരോധനം നീക്കി മറ്റു രാജ്യങ്ങളുടെ മാതൃക പിന്തുടരുകയാണെങ്കിൽ പ്രതിദിനം 630,000 കോവിഡ് കേസുകൾ ഉണ്ടായേക്കുമെന്ന് പീക്കിങ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രജ്ഞരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ സിഡിസി വീക്കിലിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, കാര്യക്ഷമമായ വാക്‌സിനേഷനോ പ്രത്യേക ചികിത്സകളോ ഇല്ലാതെ എൻട്രിഎക്‌സിറ്റ് ക്വാറന്റൈൻ നടപടികൾ മാറ്റാൻ ചൈനയ്ക്ക് കഴിയില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ, വിദേശത്തുനിന്ന് എത്തുന്നവർ നിയുക്ത ഹോട്ടലുകളിൽ 21 ദിവസത്തെ ക്വാറന്റീനിൽ കഴിയണം.

ശനിയാഴ്ച രാജ്യത്ത് 23 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതു മുതൽ ഇതുവരെ 98,631 കേസുകളും 4,636 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മിഷൻ ഞായറാഴ്ച അറിയിച്ചു. 785 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, മഹാമാരിയെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനത്തിന് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കുമെന്ന് മുതിർന്ന ചൈനീസ് ശ്വസന വിദഗ്ധൻ സോങ് നാൻഷാൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.