മുംബൈ: അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ മഹാരാഷ്ട്രയിൽ നടത്തിയ കിസാൻ മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. കാർഷികോൽപന്നങ്ങൾക്കു താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ ആസാദ് മൈതാനത്ത് നടത്തിയ മഹാപഞ്ചായത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു.

ഇതിനിടെ, ലഖിംപുർ ഖേരിയിലെ രക്തസാക്ഷികളുടെ ചിതാഭസ്മം ഇന്നലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ തീരത്ത് അറബിക്കടലിൽ നിമജ്ജനം ചെയ്തു. ഒരു മാസം മഹാരാഷ്ട്രയിലെ 30 ജില്ലകളിൽ പര്യടനം നടത്തിയ ശേഷമായിരുന്നു നിമജ്ജനം. ഒക്ടോബർ 27ന് പുണെയിൽ നിന്നാണ് ചിതാഭസ്മ യാത്ര ആരംഭിച്ചത്. യോഗേന്ദ്ര യാദവ്, അശോക് ധാവ്ളെ, മേധ പട്കർ, ദർശൻ പാൽ, ഹന്നൻ മൊല്ല തുടങ്ങിയവർ പങ്കെടുത്തു.