കൊച്ചി: സിറോ മലബാർസഭയിലെ മെത്രാന്മാർക്കിടയിലെ ഭിന്നിപ്പ് മാധ്യമങ്ങളിൽ പരസ്യചർച്ചയാകുമ്പോൾ സഭ കടന്നു പോകുന്നത് വമ്പൻ പ്രതിസന്ധിയിലൂടെ. കുർബാന വിവാദത്തിൽ മുൻതൂക്കം ആർക്കെന്നതാണ് ഉയരുന്ന ചോദ്യം. പള്ളികളിൽ ഏകീകൃത കുർബാന നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ രീതിയിൽ കുർബാന അർപ്പിച്ചു. അതേസമയം എറണാകുളം രൂപതയിലെ മറ്റ് പള്ളികളിൽ ജനാഭിമുഖ കുർബാന തുടർന്നു.

സിനഡ് തീരുമാനത്തിനെതിരായ സർക്കുലർ കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വായിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിലും ഏകീകരിച്ച കുർബാന അർപ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിലും ആലുവ പ്രസന്നപുരം പള്ളിയിലും മാത്രമാണ് സിനഡ് പ്രകാരമുള്ള ഏകീകരിച്ച കുർബാന അർപ്പിച്ചത്. സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാർ ആന്റണി കരിയിൽ വത്തിക്കാനിൽപ്പോയി ഇളവുവാങ്ങിയത് ഔദ്യോഗികപക്ഷത്തിനു തിരിച്ചടിയാണ്.

സിനഡ് തീരുമാനം എല്ലായിടത്തും നടപ്പാക്കാനുമായില്ല. മറ്റുരൂപതകളിലും വൈദികർ സംഘടിക്കുന്നതിനും കൂടുതൽ പരസ്യപ്രതികരണം നടത്തുന്നതിനും പുതിയസംഭവങ്ങൾ ഇടയാക്കുമെന്നുറപ്പാണ്. ഫ്രാൻസിസ് മാർപാപ്പയുമായി അരമണിക്കൂറോളം വിഷയം ചർച്ചചെയ്യാൻ അവസരം കിട്ടിയതാണു മാർ കരിയിലിനു നേട്ടമായത്. ആരാധനവിഷയത്തിൽ വിദഗ്ധനും ബഹുഭാഷാപണ്ഡിതനുമായ മോൺ. ആന്റണി നരികുളവും ഒപ്പമുണ്ടായിരുന്നു. മാർ കരിയിലിന്റെ ആവശ്യപ്രകാരമാണ് മോൺ നരികുളം വത്തിക്കാനിലെത്തിയത്. ഇത് അപ്രതീക്ഷിത നീക്കമായി.

വത്തിക്കാനിലുള്ള പൗരസ്ത്യതിരുസംഘവും കർദിനാൾ സാന്ദ്രിയുമാണ് സിറോ മലബാർ ഉൾപ്പെടെയുള്ള സഭകളുടെ കാര്യങ്ങൾ തീരുമാനിക്കുക. അവിടെനിന്നു ലഭിച്ച കത്ത് ചൂണ്ടിക്കാട്ടിയാണു കുർബാന ഏകീകരണം സിനഡ് തീരുമാനിച്ചതും നവംബർ 28 മുതൽ നടപ്പാക്കാൻ തീരുമാനിച്ചതും. ഉപദേശ രൂപേണയുള്ള കത്ത് ഉത്തരവായി വ്യാഖ്യാനിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഈ സാഹചര്യത്തിൽ മാർ കരിയിലിനോടുള്ള സിനഡിന്റെ തുടർസമീപനം നിർണ്ണായകമാണ്. ഡിസംബർ അഞ്ചിനുശേഷമേ അദ്ദേഹം തിരിച്ചെത്തൂ. പരസ്യപ്രതികരണങ്ങൾക്കു മെത്രാന്മാർക്കു പരിമിതിയുണ്ട്.

ഏകീകൃത രീതിയിലുള്ള പുതിയ കുർബാന അർപ്പണത്തിന് എറണാകുളം അങ്കമാലി, ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകൾ ഒഴികെ എല്ലാ സിറോ മലബാർ രൂപതകളിലും തുടക്കമായി. ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, തൃശൂർ, പാലക്കാട്, താമരശ്ശേരി , മാനന്തവാടി, തലശ്ശേരി രൂപതകളിൽ പുതിയ ഏകീകൃത രീതിയിൽ കുർബാന അർപ്പണം നടന്നു. പുതിയ കുർബാന പുസ്തകം ഇന്നലെ മുതൽ ഉപയോഗിച്ചു തുടങ്ങി. സഭയിൽ പുതുയുഗ പിറവിയാണ് ഇതെന്നും പരിപൂർണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും തയാറാവണമെന്നും കുർബാനമധ്യേ ആർച്ച് ബിഷപ് ആലഞ്ചേരി പറഞ്ഞു.

അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടർന്നു. അതിരൂപതയിൽപ്പെട്ട പ്രസന്നപുരം ഹോളിഫാമിലി പള്ളിയിൽ സിനഡ് നിർദ്ദേശിച്ച രീതിയിലുള്ള കുർബാന നടത്തി. എറണാകുളം അങ്കമാലി അതിരൂപതയിൽ നിലവിലുള്ള കുർബാന അർപ്പണ രീതി തുടരാമെന്നു മെട്രോപ്പൊലിറ്റൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ സർക്കുലർ ഇറക്കിയിരുന്നു. ഇരിങ്ങാലക്കുട രൂപതയിൽ പുതിയ രീതി നടപ്പാക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ശനിയാഴ്ച രാത്രി ബിഷപ് മാർ പോളി കണ്ണൂക്കാടൻ തീരുമാനിച്ച് നിർദ്ദേശം നൽകിയിരുന്നു.

ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പള്ളികളിൽ നവീകരിച്ച ആരാധനക്രമം നടപ്പാക്കിയില്ല. ഇതിൽ പ്രതിഷേധിച്ച് വിശ്വാസികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ജന്തർ മന്തറിൽ പ്രാർത്ഥനാ യജ്ഞം നടത്തി.