മിക്രോണിന്റെ വ്യാപനം അനിവാര്യമെന്ന് മനസ്സിലാക്കി അതിനെ തടയുവാനുള്ള മുൻകരുതലുകളൊരുക്കുകയാണ് യഥാർത്ഥ കരുതലുള്ള ബ്രിട്ടീഷ് സർക്കാർ. 18 വയസ്സു പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ ഒരുങ്ങുകയാണിവിടെ. വാകിസിൻ കമ്മിറ്റി ഇന്ന് അതിനുള്ള അനുമതി നൽകുമെന്നാണ് അറിയുന്നത്. ഒമിക്രോൺ ആകാൻ സാദ്ധ്യതയുള്ള 75 സാമ്പിളുകൾ യു കെയിലെ ലബോറട്ടറികളിൽ പരിശോധിച്ചു കൊണ്ടിരിക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. സംശയിക്കപ്പെടുന്ന മറ്റ് 150 പേരുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.

ഇതുവേ 40 വയസ്സിനു മുകളിലുള്ളവർകും മുൻനിര ആരോഗ്യ പ്രവർത്തകർക്കും, അപകട സാദ്ധ്യത ഏറെയുള്ള വിഭാഗത്തിൽ പെടുന്നവർക്കും മാത്രമായി പ്രരിമിതപ്പെടുത്തിയിരുന്ന ബൂസ്റ്റർ ഡോസ് ഇതുവരെ 18 മില്യൺ ആളുകൾക്ക് നൽകിക്കഴിഞ്ഞു. അതിനുശേഷം ഇപ്പോൽ 18 മുതൽ 39 വരെ പ്രായമുള്ള വിഭാഗത്തിൽ പെടുന്ന 12.8 മില്യൺ ആളുകൾക്കാണ് ബൂസ്റ്റർ ഡോസിനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. അതുപോലെ രണ്ടാം ഡോസും മൂന്നാം ഡോസും തമ്മിലുള്ള ഇടവേള ആറു മാസം എന്നതിൽ നിന്നും അഞ്ചു മാസമായി കുറച്ച് ബൂസ്റ്റർഡോസ് നൽകുന്ന പദ്ധതിക്ക് വേഗത കൂട്ടുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അതുപോലെ 12 മുതൽ 15 വയസ്സുവരെ പ്രായമുള്ള വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിന്റെ രണ്ടാം ഡോസ് നൽകുന്ന കാര്യവും ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷന്റെ പരിഗണനയിലുണ്ടെന്ന് അറിയുന്നു. ഇംഗ്ലണ്ടിൽ മാത്രം അടുത്ത മൂന്ന് ആഴ്‌ച്ചകൾക്കുള്ളിൽ ആറ് മില്യൺ ആളുകൾക്ക് വാക്സിൻ നൽകുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. എന്നാൽ, ഇതും വർദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് എൻ എച്ച് എസ്. പുതിയ വകഭേദവും ശൈത്യകാലവും എൻ എച്ച് എസിന്റെ മേൽ അമിത സമ്മർദ്ദം ഉണ്ടാക്കുന്നതൊഴിവാക്കുവാനാണ് 18 വയസ്സിനു മേൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് തീരുമാനിച്ചിരുന്നതിലും നേരത്തേയാക്കിയതെന്ന് ജെ സി വി ഐ വക്താവ് അറിയിച്ചു.

നൂറുകണക്കിന് പേരിൽ ഇതിനോടകം തന്നെ ഒമിക്രോൺ ബാധ ഉണ്ടായതായി പ്രധാനമന്ത്രിയുടെ കാര്യാലയം ഭയക്കുന്നതായി ദി സൺ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽകൂടുതൽ വ്യക്തത കൈവരുത്താനായിട്ടാണ് 225 സാമ്പിളുകൾ വിവിധ ലബോറട്ടറികളിലായി പരിശോധിക്കുന്നത്. അതേസമയം, ഈ അതിഭീകര വകഭേദത്തെ നേരിടാനുള്ള പുതിയ വാക്സിൻ അടുത്ത വർഷം ആരംഭത്തോടെ വിപണിയിലെത്തിക്കാനാകുമെന്ന് മൊഡേണ കമ്പനിയുടെ വക്താവ് അറിയിച്ചു.

സ്‌കൂളുകളിലും പുതിയ വകഭേദത്തിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുകയാണ് സർക്കാർ. സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂളിനകത്തെ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് കർശന നിയന്ത്രണം പുറപ്പെടുവിച്ചുകഴിഞ്ഞു. ഇക്കാര്യം അറിയിച്ചുകൊണ്ട് എല്ലാ സ്‌കൂളുകൾക്കും വകുപ്പ് ഈമെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. ജീവനക്കാരും, സന്ദർശകരും ഒപ്പം എല്ലാ സെക്കണ്ടറി വിദ്യാർത്ഥികളും സ്‌കൂളിനകത്തെ പൊതുയിടങ്ങളിൽ നിർബന്ധമായു മാസ്‌ക് ധരിക്കണം എന്നാണ് ഇതിൽ വ്യക്തമാക്കുന്നത്.

അതേസമയം ഇതുവരെ സ്ഥിരീകരിച്ച രണ്ട് ഒമിക്രോൺ കേസുകളിൽ രോഗികളുമായി സമ്പർക്ക പുലർത്തിയിരുന്നവരുടെ വിശദാംശങ്ങൾ ശേഖരിച്ച് അവരെ പരിശോധനക്ക് വിധേയരാക്കുകയും ഒപ്പം ക്വാറന്റൈനിൽ ആക്കുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓമിക്രോൺ ബാധിച്ചവരിൽ, മറ്റ് വകഭേദങ്ങൾ ബാധിക്കുന്നവർക്ക് സംഭവിക്കുന്നത് പോലെ രുചിയും ഗന്ധവും അറിയുവാനുള്ള ശേഷി നഷ്ടപ്പെടുന്നില്ല എന്നാണ് ഒരു ദക്ഷിണാഫ്രിക്കൻ ഡോക്ടർ പറയുന്നത്. മറിച്ച് അമിതമായ ക്ഷീണവും ഉയർന്ന് നാഡീമിടിപ്പുമാണ് ഇവർ പ്രദർശിപ്പിച്ച ലക്ഷണങ്ങൾ.