ജിദ്ദ: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട കേരള സർക്കാർ നടപടി പിൻ വലിക്കണമെന്ന് വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദൈവീക പ്രീതിക്ക് വേണ്ടി മുൻ ഗാമികൾ വിവിധ മത - ധർമ്മ സ്ഥാപനങ്ങളുടെ പേരിൽ വഖഫ് ചെയ്ത സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യേണ്ടത് മത ബോധം ഉള്ളവരാണ്. എന്നാൽ നിയമനം പി എസ് സി ക്ക് വിടുക വഴി മത ബോധമില്ലാത്ത മുസ്ലിം നാമധാരികളും യുക്തി വാദികളും അമുസ്ലിംകളും വഖഫ് ബോർഡിൽ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുകയും അത് വഴി വഖഫ് സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുകയും ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന വഖഫ് ബോർഡ് കേരള വഖഫ് ബോർഡ് ആണെന്നിരിക്കെ കേരള സർക്കാരിന്റെ പ്രസ്തുത തീരുമാനം വഖഫ് സ്ഥാപനങ്ങൾ നശിപ്പിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെയാണെന്ന സംശയം ബലപ്പെടുകയാണെന്നും ആയതിനാൽ പ്രസ്തുത തീരുമാനം കേരള സർക്കാർ ഉടനെ പിൻ വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടത് സർക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ തീരുമാനത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹഫീസ് വാഫി ചർച്ച ഉദ്ഘാടനം ചെയ്തു.

നാസർ ഹാജി കാടാമ്പുഴ, അസ്സൻ കോയ പെരുമണ്ണ, കെ. പി അബ്ദുറഹ്‌മാൻ ഹാജി പുളിക്കൽ, സാലിം ദാരിമി, കെ. വി മുസ്തഫ വളാഞ്ചേരി, ഷാജഹാൻ മുസ്ലിയാർ, ഷൗക്കത്ത് അലി കാളികാവ്, സലീം കരിപ്പോൾ, സിദ്ധീഖ്, മുഹമ്മദ് കല്ലിങ്ങൽ, ഉമറുൽ ഫാറൂഖ് അരീക്കോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ആക്ടിങ് സെക്രട്ടറി സാലിം അമ്മിനിക്കാട് സ്വാഗതവും ഈസ കാളികാവ് നന്ദിയും പറഞ്ഞു.