തിരുവനന്തപുരം: സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിസർവ്വ് ബാാങ്ക് നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധം തീർക്കുമെന്ന് സഹകരണം, രജി്സ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകാരികളുടെയും സഹകരണ സംഘം യൂണിയൻ പ്രതിനിധികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആർബിഐ ഇറക്കിയ പരസ്യത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമായി. യോജിച്ച പ്രചാരണത്തിനും പ്രതിരോധത്തിനുമായി സഹകരണ സംരക്ഷണ സമിതി എന്ന പേരിൽ പ്രത്യേക സമിതി രൂപീകരിച്ചു. സമിതിയുടെ സംസ്ഥാന ചെയർമാനായി കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ളയെയും കൺവീനറായി പ്രാഥമിക കാർഷിക സഹകരണ സംഘം ( പിഎസിഎസ് - പാക്സ് ) അസോസിയേഷൻ പ്രസിഡന്റ് വി. ജോയി എംഎൽഎയെയും തിരഞ്ഞെടുത്തു. വിഷയത്തിൽ കേന്ദ്ര സർക്കാരിൽ സജീവമായ ഇടപെടലിനായി എംപിമാരുമായി ആശയവിനിമയം നടത്തും. സഹകരണം അഭ്യർത്ഥിച്ച് സംരക്ഷണ മുന്നണിയും എംപിമാരുമായി ആശയവിനിമയവും ഉറപ്പാക്കും.

ആർബിഐ പരസ്യം വലിയ തെറ്റിധാരണയുണ്ടാക്കുന്നതാണ്. അംഗത്വത്തിലെ തരംതിരിവ് വേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധികൾ നിലനിൽക്കുന്നു. എ ക്ലാസിൽനിന്നുമാത്രമേ നിക്ഷേപം വാങ്ങാവൂ എന്ന തരത്തിലുള്ള വിജ്ഞാപനം കോടതി വിധിയുടെ ലംഘനമാണ്. കേന്ദ്ര സർക്കാരിന്റെ ഡെപ്പൊസിറ്റ് ഇൻഷുറൻസ് ഗ്യാരന്റി കോർപറേഷനിൽ നിന്നും ഇതുവരെ കേരളത്തിലെ ഒരു സഹകരണ സംഘത്തിനും സഹായം ലഭിച്ചിട്ടില്ല. കേന്ദ്ര നിയമം അനുസരിച്ചു തന്നെ സഹകരണ സംഘങ്ങൾ ഈ കോർപ്പറേഷന്റെ പരിധിയിൽ വരുന്നില്ല. എന്നിട്ടും നിക്ഷേപത്തിന് സുരക്ഷ ഇല്ലെന്നാണ് ആർബിഐ പറയുന്നത്.

ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ സംസ്ഥാന സർക്കാരിനുകീഴിൽ സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീമുണ്ട്. ഇതിൽനിന്ന് രണ്ടുലക്ഷം രൂപവരെ നൽകുന്നു. ഇതിന്റെ പരിധി ഉയർത്തുന്നത് ആലോപനയിലാണ്. ഇതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലാണ്. നിധികൾ, സംസ്ഥാനാന്തര സഹകരണ സംഘങ്ങൾ എന്നിവയെയൊന്നും ഈ നിർദ്ദേശത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇവിടെയാണ് തീരുമാനങ്ങളിലെ ഗൂഡോദ്ദ്യേശം പുറത്തുവരുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ഡിസംബർ നാല്, അഞ്ച്, ആറ് തീയതികളിൽ എല്ലാ ജില്ലയിലും കൺവൻഷൻ ചേരുമെന്നും ജില്ലാതല സമിതികൾ രൂപീകരിക്കുമെന്നും യോഗത്തിന് ശേഷം മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ സഹകാരികളെയും ജീവനക്കാരുടെ പ്രതിനിധികളെയും ഉൾപ്പെടെ ഈ കൺവെൻഷനുകളിൽ പങ്കെടുപ്പിക്കും. ഓരോ സർവീസ് സഹകരണ സംഘവും ബാങ്കും അടിസ്ഥാനമാക്കി പ്രാദേശിക കൺവൻഷൻ ചേരും. ബാങ്ക് അല്ലാത്ത സഹകരണ സംഘങ്ങളിലും സഹകാരികളുടെ യോഗം വളിച്ചുചേർത്ത് കാര്യങ്ങൾ വിശദീകരിക്കും. ജില്ലാ, പ്രാദേശിക സംരക്ഷണ സമിതികളും രൂപീകരിക്കും. ആർബിഐയുടെ പത്രപരസ്യത്തിന്റെ ഉള്ളടക്കത്തിലെ വസ്തുതകൾ ബോധ്യപ്പെടുത്തുന്ന നിലയിൽ നോട്ടീസ് തയ്യാറാക്കി മുഴുവൻ സഹകാരികളുടെയും വീട്ടിലെത്തിക്കും. ജില്ലകളിലെ കൺവൻഷൻ പൂർത്തീകരണത്തിനുശേഷം ആർബിഐയുടെ മുന്നിൽ പ്രത്യക്ഷ സമരം തുടങ്ങുന്നതും സംരക്ഷണ സമിതി ആലോചിക്കും. ഇതിന്റെ തീയതി അടക്കമുള്ള കാര്യങ്ങൾ സംരക്ഷണ സമിതി യോഗം ചേർന്ന് തീരുമാനിക്കും.

സൂപ്രീംകോടതിയിലടക്കം നിയമപരമായ പോരാട്ടത്തിന് സർക്കാർ മുൻകൈ എടുക്കും. കേരളത്തിലെ സഹകാരികളാകെ ഈ പ്രചാരണത്തിന്റെ ഭാഗമാകും. സുപ്രീംകോടതി നിർദ്ദേശങ്ങൾ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്ന് ചോദ്യത്തിന് മന്ത്രി മറുപടി നൽകി. നിയമ മന്ത്രിയും അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകരുമൊക്കെ പങ്കെടുത്ത യോഗം ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതിയിലെ കേരള സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസിലുമായും ആശയവിനിമയം നടത്തി. അടുത്തദിവസംതന്നെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിനും, അതിന് അഭിഭാഷകരെ നിശ്ചയിക്കുന്നതിനും ഡൽഹിയിലെത്തി സ്റ്റാൻഡിങ് കോൺസലുമായി ചർച്ച നടത്തുമെന്നും മന്ത്രി വിശദീകരരിച്ചു.