തിരുവനന്തപുരം: ഇടിമിന്നലേറ്റ് കാലിൽ ദ്വാരം വീണതിനെ തുടർന്ന് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേവിയാരുകുന്ന് അമ്പാടി ഭവനിൽ അമ്പാടി (17) യുടെ വലതു കാലിൽ മുട്ടിന് താഴെയാണ് ആഴത്തിൽ മുറിവേറ്റത്. മുറിവിനു സമീപം പൊള്ളലേൽക്കുകയും ചെയ്തു. ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ കാലിൽ വെടിയുണ്ട പോലെ പതിച്ച് ദ്വാരം വീഴുകയായിരുന്നു. ഞായർ വൈകിട്ടാണ് സംഭവം. മിന്നലേറ്റ് ഈ രീതിയിൽ ആഴത്തിൽ മുറിവേൽക്കുന്നത് അത്യപൂർവമാണ്.

വീടിന്റെ മുൻവശത്ത് നിൽക്കുന്നതിനിടെയാണ് സംഭവം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി വിതുര ആശുപത്രിയിലേക്കു മാറ്റി. എസ്.ബിനുവിന്റെയും കെ.പി.അനിത കുമാരിയുടെയും മകനാണ് ആര്യനാട് ഗവ.ഐടിഐ വിദ്യാർത്ഥിയായ അമ്പാടി. ഇടിമിന്നലിൽ മുറിവേൽക്കുന്നത് അപൂർവമാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവർ അറിയിച്ചു.