ആലപ്പുഴ: മാരാരിക്കുളത്ത് അമ്മയും രണ്ട് ആൺ മക്കളും മരിച്ച സംഭവത്തിൽ ദുരൂഹത നീക്കി പൊലീസ്. അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കോർത്തുശേരി പടിഞ്ഞാറ് കുന്നേൽ വീട്ടിൽ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കൾ ലെനിൻ (36), സുനിൽ (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആനിയെ കണ്ടത്. മക്കൾ അവരുടെ മുറികളിൽ കട്ടിലിൽ മരിച്ചുകിടക്കുകയായിരുന്നു. മക്കൾ വിഷം ഉള്ളിൽചെന്നും അമ്മ തൂങ്ങിയും മരിച്ചെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൂട്ട മരണത്തിൽ കലാശിച്ചതെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. സംഭവത്തിൽ പുറത്തുനിന്നുള്ള ആരുടെയും പങ്ക് മരണങ്ങളിൽ ഇല്ലെന്നു വ്യക്തമാണെന്നു മണ്ണഞ്ചേരി സിഐ പി.കെ.മോഹിത് പറഞ്ഞു.

പൊലീസ് നിഗമനം ഇങ്ങനെ: സഹോദരങ്ങൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ ബലപ്രയോഗത്തിനിടെ ലെനിൻ ശ്വാസംമുട്ടി മരിച്ചു. ഇതുമൂലമുള്ള മനോവിഷമത്തിൽ സുനിൽ തൂങ്ങിമരിച്ചു. രാവിലെ മക്കളെ മരിച്ച നിലയിൽ കണ്ടതോടെ ആനിയും തൂങ്ങിമരിച്ചു. തൂങ്ങിമരിച്ച സുനിലിനെയും നിലത്തു മരിച്ചുകിടന്ന ലെനിനെയും എടുത്ത് അവരുടെ മുറികളിലെ കട്ടിലിൽ കിടത്തിയ ശേഷമാണ് ആനി ജീവനൊടുക്കിയതെന്നാണു സൂചന.

പൊലീസ് നായയും വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ പുറത്തുനിന്നുള്ള ഇടപെടൽ ഇല്ലെന്ന് വ്യക്തമായി. വിശദ പരിശോധനകൾക്ക് മൂവരുടെയും അവയവങ്ങളുടെ സാംപിളുകൾ തിരുവനന്തപുരം കെമിക്കൽ ലാബിലേക്കു വിട്ടു. പോസ്റ്റ്‌മോർട്ടത്തിനുശേഷം രാത്രി ഏഴരയോടെ ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച ശേഷം സെന്റ് വിൻസെന്റ് പള്ളോട്ടി പള്ളിയിൽ സംസ്‌കരിച്ചു.