- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പംമെട്ട് വഴി കഞ്ചാവ് എത്തിക്കാൻ അൻപതോളം സംഘങ്ങൾ; കാരിയറായി യുവതികളും വിദ്യാർത്ഥികളും
മൂവാറ്റുപുഴ: കമ്പംമെട്ട് വഴി തമിഴ്‌നാട്ടിൽ നിന്ന് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് കഞ്ചാവ് എത്തിക്കാൻ അൻപതോളം സംഘങ്ങൾ പ്രവർത്തിക്കുന്നതായി എക്‌സൈസ് ഇന്റലിജൻസ് റിപ്പോർട്ട്. സംഘങ്ങളിൽ നിരവധി യുവതികളും വിദ്യാർത്ഥികളും ഉണ്ടെന്നാണ് വിവരം. കഞ്ചാവ് കടത്തിനു പിടിയിലാകുന്നവരിൽ ഭൂരിപക്ഷം പേരും കോട്ടയം, എറണാകുളം ജില്ലയിൽ നിന്നുള്ള യുവാക്കളും വിദ്യാർത്ഥികളുമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
പ്രതിവർഷം പതിനഞ്ചിൽ താഴെ ലഹരിമരുന്നു കേസുകൾ മാത്രം പിടികൂടിയിരുന്ന കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ ഇപ്പോൾ പ്രതിമാസം രജിസ്റ്റർ ചെയ്യുന്നത് നൂറിൽ അധികം കേസുകൾ ആണ്. കമ്പം, തേനി എന്നിവിടങ്ങളിൽ നിന്ന് ഇടുക്കി തൊടുപുഴ വഴി മൂവാറ്റുപുഴയിലേക്കാണ് കഞ്ചാവ് എത്തുന്നത്. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള കഞ്ചാവ് ഇടുക്കി വഴി കേരളത്തിലേക്കു കടത്തുകയാണ്.
ഭർത്താവിനെ ഉപേക്ഷിച്ചു പോയ മൂവാറ്റുപുഴ സ്വദേശിയായ യുവതിയെയും കാമുകനെയും കേരളത്തിലേക്കു കഞ്ചാവ് കടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കമ്പംമെട്ട് പൊലീസ് പിടികൂടി. പൊലീസ് സംശയിക്കാതിരിക്കാൻ യുവതിയെയും കുഞ്ഞിനെയും യാത്രയിൽ കൂടെ കൂട്ടുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും വിട്ടയച്ചെങ്കിലും കാമുകൻ തമിഴ്‌നാട്ടിലെ ജയിലിലാണ്.