തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധന. 2010 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ ലൈസൻസ് നേടിയ സ്ത്രീകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

2010 മുതൽ 2019 വരെയുള്ള കാലയളവിൽ ലൈസൻസ് നേടിയ പുരുഷന്മാരുടെ എണ്ണം കൂടിയും കുറഞ്ഞും 3,72,567-ൽനിന്ന് 3,62,869 ആയപ്പോൾ ഇതേ കാലയളവിൽ സത്രീകളുട എണ്ണം 94,125-ൽനിന്ന് 1,99,155 ആയി. ഇരട്ടിയോളം വർധന. 2010-ൽ ആകെ ലൈസൻസ് എടുക്കുന്നവരിൽ സ്ത്രീകൾ 20.16 ശതമാനമായിരുന്നെങ്കിൽ 2019-ൽ 35.43 ശതമാനമായി. 2018-നെ അപേക്ഷിച്ച് 2019-ൽ നേരിയ കുറവുണ്ടായെന്ന് മാത്രം.

സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽനിന്ന് ലഭ്യമായ കണക്ക് പ്രകാരം 2010-ൽ സംസ്ഥാനത്ത് 4,66,701 പേരാണ് ലൈസൻസ് എടുത്തത്. ഇതിൽ പുരുഷന്മാൻ 79 ശതമാനത്തിലേറെയും സ്ത്രീകൾ 20 ശതമാനത്തിലേറെയുമായിരുന്നു. എന്നാൽ പിന്നീടുള്ള ഓരോ വർഷവും സ്ത്രീകളുടെ അനുപാതത്തിൽ രണ്ടുശതമാനം വർധനയുണ്ടായി.

2020-ൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ലൈസൻസ് ടെസ്റ്റ് ചുരുക്കമായിരുന്നു. ആകെ 2,92,726 പേർ മാത്രമാണ് ലൈസൻസ് എടുത്തത്. ഇതിൽ സ്ത്രീകൾ 83,443 മാത്രമായിരുന്നു. ഈ വർഷം 6,17,293 പേർ ഇതുവരെ ലൈസൻസ് എടുത്തു. അതിലും സ്ത്രീകളുടെ അനുപാതം കുറവായിരുന്നു-1,72,146 പേർ മാത്രം (27.88 ശതമാനം).