- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിക്കണം; അതല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്‌സ്മാൻ
മലപ്പുറം: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ അടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ.
അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ ജനുവരി 25ന് റിപ്പോർട്ട് ചെയ്യണമെന്നും ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകി. അനധികൃതനിർമ്മാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30ന് റിപ്പോർട്ട് ചെയ്യാനാണ് സെപ്റ്റംബർ 22ന് ഓംബുഡ്‌സ്മാൻ ഉത്തരവ് നൽകിയത്. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ്.
ഓംബുഡ്‌സ്മാൻ ഉത്തരവ് ലഭിക്കാൻ കാലതാമസമുണ്ടായെന്നും സി.കെ അബ്ദുൽലത്തീഫിന് അയച്ച രണ്ടു നോട്ടീസും മേൽവിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും മൂന്നാമത്തെ നോട്ടീസ് ഇക്കഴിഞ്ഞ 26ന് കൈപ്പറ്റിയെന്നും സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ റോപ് വെ പൊളിക്കുന്നതിന് മൂന്നുമാസത്തെ സാവകാശം തേടി. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് പെരുമാറ്റചട്ടം ബാധകമല്ലെന്ന് ഓംബുഡ്‌സ്മാൻ വ്യക്തമാക്കുകയായിരുന്നു.
റോപ് വെ പൊളിക്കാതിരിക്കാൻ പഞ്ചായത്ത് ഒത്തുകളിക്കുകയാണെന്ന് പരാതിക്കാരൻ എംപി വിനോദ് അറിയിച്ചു. 2017ൽ നൽകിയ പരാതിയിൽ അനധികൃത നിർമ്മാണമെന്നു കണ്ടെത്തി പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിട്ടും നാലു വർഷമായി റോപ് വെ പൊളിക്കാതെ സംരക്ഷിക്കുകയാണെന്നും വ്യക്തമാക്കി.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമ്മിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതോടെയാണ് പരാതിക്കാരൻ ഓംബുഡ്‌സ്മാനെ സമീപിച്ചത്.