- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർബിഐക്കെതിരെയുള്ള നിയമ പോരാട്ടം; നടപടികൾ ദ്രുതഗതിയിലാക്കി സഹകരണ വകുപ്പ്; നിയമ വിദഗ്ധരുമായി ചർച്ച ചെയ്യാൻ മന്ത്രി വി.എൻ.വാസവൻ ഡൽഹിക്ക്
തിരുവനന്തപുരം: സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിസർവ്വ് ബാങ്ക് നിർദ്ദേശങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള നീക്കങ്ങൾ ദ്രുതഗതിയിൽ. ഇതു സംബന്ധിച്ച് മുതിർന്ന അഭിഭാഷരുമായി ആശയ വിനിമയം നടത്തിയ സഹകരണ മന്ത്രി വി.എൻ. വാസവൻ സുപ്രീം കോടതിയിലെ നിയമവിദഗ്ദ്ധരുമായി ചർച്ച നടത്തുന്നതിനായി ഡൽഹിക്ക് പോകും. പാർലമെന്റ് അംഗങ്ങളുമായും ആശയ വിനിമയം നടത്തും. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ കേരളത്തിന്റെ നിലപാട് അറിയിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനാണ് പാർലമെന്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തുന്നത്. സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കോൺസലുമാരുമായി ചർച്ച നടത്തി കേരളത്തിന്റെ ഹർജി നൽകുന്നതിനുള്ള അഭിഭാഷകരെ തീരുമാനിക്കും.
അംഗത്വ സ്വഭാവത്തെ കുറിച്ച് നേരത്തെ തന്നെയുള്ള സുപ്രീം കോടതി വിധികളുടെ ലംഘനമാണ് ആർബിഐ നടത്തുന്നതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തും. മാത്രമല്ല കേന്ദ്ര സർക്കാരിന്റെ ഡെപ്പൊസിറ്റ് ഇൻഷുറൻസ് ഗ്യാരന്റി കോർപറേഷനിൽ നിന്ന് സഹകരണ സംഘങ്ങൾക്ക് നിക്ഷേപ പരിരക്ഷ നൽകാൻ നിയമമില്ലെന്നിരിക്കെ അത്തരമൊരു വിഷയം മുന്നറിയിപ്പ് പരസ്യത്തിൽ പരാമർശിച്ചതും സുപ്രീം കോടതിയെ അറിയിക്കും. ആറര പതിറ്റാണ്ടായി ഉപയോഗിക്കുന്ന ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന പദം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിപ്പിക്കുന്നതിനും സുപ്രീം കോടതിയിൽ ഹർജി നൽകും.
സർക്കാർ സ്വന്തം നിലയിൽ ഹർജി നൽകുന്നതിനൊപ്പം ഏതെങ്കിലും സഹകരണ സംഘങ്ങളോ സഹകാരികളെ സംഘടനകളോ ഇതേ വിഷയത്തിൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കിൽ ആവശ്യമായ പിന്തുണ നൽകും. നിയമോപദേശം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ സഹായമുണ്ടാകും. ഇതിനു പുറമെ ജില്ലാ തല സഹകരണ സംരക്ഷണ സമിതികൾ രൂപീകരിച്ചുള്ള പ്രക്ഷോഭ പ്രചാരണ പരിപാടികളും വിപുലമാക്കും. ജില്ലകളിൽ മാത്രമല്ല താലൂക്ക് തലത്തിലും സഹകരണ സംഘം തലത്തിലും പ്രചാരണ പരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ട്. പാക്സ് ( പിഎസിഎസ് ) അസോസിയേഷന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പരിപാടികളുമായും സഹകരിക്കും. കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ വീടുവീടാന്തരം പ്രചാരണം നടത്തി ജനങ്ങളെ ബോധവൽക്കരിക്കാനും ആർബിഐയുടെ വ്യാജപ്രചാരണത്തിന്റെ വസ്തുത ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ