ചിന്നക്കനാൽ: ചിന്നക്കനാൽ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫിന്റെ അവിശ്വാസപ്രമേയം. ദേവികുളം ബിഡിഒയ്ക്ക് മുമ്പാകെയാണ് എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സിനി വൈസ് പ്രസിഡന്റ് വള്ളിയമ്മാൾ എന്നിവർക്കെതിരെയാണ് പ്രമേയം.

പതിനൊന്ന് മാസമായി ചിന്നക്കനാൽ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് സർക്കാർ സാധാരമക്കാർക്കായി നടപ്പിലാക്കിയ ലൈഫ് പദ്ധതി അട്ടിമറിക്കുകയും സ്വജനപക്ഷപാതത്തോടെ പ്രവർത്തിക്കുകയും ചെയ്യുകയാണെന്ന് കാണിച്ചാണ് എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം നൽകിയത്.

കോവിഡ് കാലത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താൻ പ്രസിഡന്റ് തയ്യറായില്ലെന്നുള്ളതാണ് സിനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് കാരണം.. വൈസ് പ്രസിഡന്റ് വള്ളിയമ്മാൾക്കെതിരെയും ഇത്തരം ആരോപണം ഉയർന്ന സാഹചര്യത്തിലാണ് എൽഡിഎഫ് അംഗങ്ങൾ ദേവികുളം ബിഡിഒയ്ക്ക് മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.

പ്രസിഡന്റിനെതിരെ എപി അശോകനും വൈസ് പ്രസിഡന്റിനെതിരെ ശ്രീദേവി അൻപുരാജുമാണ് പ്രമേയ നോട്ടീസ് നൽകിയത്.എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം നൽകിയിട്ടുണ്ടെന്നും തുടർ നടപടികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ബിഡിഒ അനിൽകുമാർ പറഞ്ഞു.