സാൻഫ്രാൻസിസ്‌കോ: പോസ്റ്റ് ചെയ്തയാളുടെ അനുമതിയില്ലാതെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോയൊ വീഡിയോയോ ഉപയോഗിച്ചാൽ ട്വിറ്റർ തന്നെ നീക്കം ചെയ്യും. സ്വകാര്യതാ നയത്തിൽ പുതിയ മാറ്റവുമായി എത്തുകയാണ് ട്വിറ്റർ. സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തിയതാണ് ഇത്തരത്തിലൊരു മാറ്റത്തിന് കാരണം. ഇത്തരത്തിൽ ഒരു ഉപഭോക്താവ് പരാതി നൽകിയാൽ ഉടൻ തന്നെ ട്വിറ്റർ ആ പോസ്റ്റ് നീക്കം ചെയ്യും. സ്ഥിരമായി ഈ നിയമം തെറ്റിക്കുന്നവരെ ട്വിറ്റർ തന്നെ ബാൻ ചെയ്യും.

അതേസമയം ഒരാൾക്ക് ട്വിറ്ററിലെ ഫോട്ടോയൊ വീഡിയോയോ എടുക്കുന്നതിന് ട്വിറ്ററിന്റെ സമ്മതം ആവശ്യമില്ല. എന്നാൽ ഇതേക്കുറിച്ച് ആരെങ്കിലും പരാതിപ്പെടുകയോ റിമൂവ് ചെയ്യണമെന്ന് അപേക്ഷിക്കുകയോ ചെയ്താൽ ഉടനടി ഇത് എടുത്തയാളുടെ വാളിൽ നിന്നും ഇത് മാറ്റും. ഈ നിയമത്തിന് പിന്നാലെ ചൊവ്വാഴ്ച ട്വിറ്ററിന്റെ ഓഹരിയിൽ അഞ്ച് ശതമാനം ഇടിവുണ്ടായി.

ട്വീറ്റുകളെ അടിസ്ഥാനമാക്കി വാർത്ത എഴുതുന്ന മാധ്യമങ്ങൾക്കാണ് ഇത് എട്ടിന്റെ പണിയാകുക. ഇനി പോസ്റ്റ് ചെയ്ത ആളുടെ അനുമതി ഇല്ലാതെ മാധ്യമങ്ങൾക്ക് ട്വീറ്റുകളെ വാർത്തയാക്കാനാവില്ല. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് ട്വിറ്റർ സ്വകാര്യതാനയം പുതുക്കിയത്. ഫോൺ നമ്പർ, വിലാസം, മെയിൽ ഐഡി തുടങ്ങിയവ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിനു നിലവിൽ വിലക്കുണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ട്വീറ്റു ചെയ്തതെന്നു പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യും.