തിരുവനന്തപുര: കലക്ടർ മുതൽ വില്ലേജ് ഓഫിസർ വരെയുള്ള ഉദ്യോഗസ്ഥർക്കായി പുരസ്‌കാരം ഏർപ്പെടുത്തി റവന്യു വകുപ്പ്. കലക്ടർ, ഡപ്യൂട്ടി കലക്ടർ, റവന്യു ഡിവിഷനൽ ഓഫിസർ അല്ലെങ്കിൽ സബ് കലക്ടർ, സ്‌പെഷൽ തഹസിൽദാർ (റവന്യു റിക്കവറി, സ്ഥലം ഏറ്റെടുപ്പ്), തഹസിൽദാർ (ലാൻഡ് റെക്കോർഡ്‌സ്), തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിങ്ങനെ 7 വിഭാഗങ്ങളിലായി മൂന്ന് പേർക്കു വീതമാണു സംസ്ഥാനതലത്തിൽ പുരസ്‌കാരം നൽകുക.

സേവന മികവ് പരിഗണിച്ചാണ് പുരസ്‌ക്കാരം. ഓൺലൈനായി ലഭിച്ച പോക്കുവരവ് അപേക്ഷകൾ തീർപ്പാക്കൽ, ഓൺലൈനായി ഭൂനികുതി അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ, റവന്യു റിക്കവറി വരുമാനം, റവന്യു വകുപ്പിന്റെ കെട്ടിടനികുതി പിരിവ്, സർട്ടിഫിക്കറ്റ് വിതരണം, രേഖകൾ സൂക്ഷിക്കുന്നതിലെ മികവ്, സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ മികവ്, പൊതുജന സേവന നിലവാരം തുടങ്ങിയവ പരിശോധിച്ച് മാർക്കിടും. ഡപ്യൂട്ടി കലക്ടർ വരെയുള്ള ഉദ്യോഗസ്ഥരുടെ പൊതുവായ വിലയിരുത്തൽ കലക്ടർമാരും കലക്ടർമാരുടേത് റവന്യു വകുപ്പ് ആസ്ഥാനവും നടത്തും.

കൂടാതെ സത്യസന്ധത, സമയനിഷ്ഠ, ഓഫിസ് കൈകാര്യം ചെയ്യുന്നതിലെ മികവ് എന്നിവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയ ഏജൻസികളിൽ ഏതെങ്കിലും ഒന്നു വഴി വിലയിരുത്തും. ജില്ലാതലങ്ങളിൽനിന്നു ലഭിക്കുന്ന നാമനിർദേശങ്ങളിൽ റവന്യു സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സമിതിയും പരിശോധന നടത്തി പുരസ്‌കാരം നിശ്ചയിച്ച് എല്ലാ വർഷവും ഫെബ്രുവരി 24നു സമ്മാനിക്കും.