- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനെടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനി മുതൽ വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കില്ല. കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് ഇനി മുതൽ സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്.
രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്.
രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ഗൗരവമായി ഇടപെടണം. ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശംനൽകി. ഇതിന് അനുസൃതമായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.