രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇൻഡോർ ഇടപഴകലുകൾ പരമാവധി കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം. അടുത്ത രണ്ടാഴ്ചത്തേക്ക് 12 വയസും അതിൽ താഴെയുമുള്ള കുട്ടികളുടെ സാമൂഹിക ഇടപെടൽ കുറയ്ക്കുന്നതിനായി ഇൻഡോർ ഒത്തുചേരലുകളും കുടുംബ കൂട്ടായ്മകളുമൊക്കെ വെട്ടിക്കുറയ്ക്കുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യണമെന്നാണ് മാതാപിതാക്കൾക്ക് സർക്കാർ നൽകുന്ന ഉപദേശം.

കൂടാതെ മൂന്നാം ക്ലാസ് മുതൽ മേൽപോട്ടുള്ള എല്ലാ വിദ്യാർത്ഥികളും ഇന്നുമുതൽ മാസ്‌ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. മാസ്‌ക് ധരിക്കുന്നതിൽ ഇളവ് ലഭിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളുകളിൽ കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കത്തിലേർപ്പെട്ട വിദ്യാർത്ഥികൾക്ക് ആന്റിജൻ ടെസ്റ്റ് നടത്തുന്നത് തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു.

9 വയസും അതിന് മേലും പ്രായമുള്ള എല്ലാ കുട്ടികളും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും, ഷോപ്പിങ്ങിന് പോകുമ്പോഴും മാസ്‌ക് ധരിച്ചിരിക്കണം.വിദേശത്ത് നിന്നും അയർലണ്ടിലേയ്ക്ക് വരുന്നവർ വാക്സിൻ എടുത്തിരുന്നവരായാലും, ഇവിടെ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് ആന്റിജൻ ടെസ്റ്റ് റിസൽട്ട് കയ്യിൽ കരുതണം (സ്വയം എടുത്തത് ആകരുത്- അംഗീകൃത കേന്ദ്രങ്ങളിൽ നിന്നാകണം. നിയന്ത്രണം ഡിസംബർ 3-ന് 12 AM മുതൽ). PCR ടെസ്റ്റ് ആണെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്തത്. 11 വയസും, അതിന് താഴെയും പ്രായമുള്ള കുട്ടികൾക്ക് ടെസ്റ്റ് വേണ്ട എന്ന വ്യവസ്ഥ തുടരും. ഈ നിയന്ത്രണം രണ്ടാഴ്ചയ്ക്ക് ശേഷം പുനഃപരിശോധിക്കും.

കോവിഡ് രൂക്ഷമായ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കായി നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പുനഃസ്ഥാപിക്കാൻ Health (Amendment) (No. 3) Bill 2021 പാർലമെന്റിൽ അവതരിപ്പിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തു.ചെറിയ ചെലവിൽ ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വിപണിയിലെത്തിക്കാൻ റീട്ടെയിൽ സ്റ്റോറുകളുമായി കൈകോർക്കും.

സർട്ടിഫൈഡ് ആയ സ്ഥാപനങ്ങളോ, വ്യക്തികളോ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ടെസ്റ്റ് റിസൽട്ട് മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കൂ.കോവിഡ് പിടിപെടാൻ വളരെയേറെ സാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ, രോഗലക്ഷണം ഇല്ലെങ്കിലും രണ്ടാഴ്ച കൂടുമ്പോൾ ആന്റിജൻ ടെസ്റ്റ് നടത്തണം.