ദോഹ: ഹലാലിന്റെ പേരിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങൾക്കെതിരെ കൾച്ചറൽ ഫോറം തൃശൂർ പ്രതിഷേധ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. വൈവിധ്യങ്ങളുടെ നാട്, വെറുപ്പില്ലാതെ ഭക്ഷണം എന്ന തലക്കെട്ടിൽ നുഐജ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടി കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

സൗഹാർദ്ദപരമായി പരസ്പരം സഹകരിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം ഇറക്കിവിട്ട് മുതലെടുക്കാനുള്ള ഫാസിസ്റ്റു ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ ഉയർന്നു വന്ന ഈ ഹലാൽ വിവാദമെന്നും ഇത് കേരളം പോലുള്ള ഒരു നാട്ടിൽ വിലപ്പോവില്ല എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അനീസ് റഹ്‌മാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സലീം എൻ പി, മർസൂഖ് സെയ്ദ് മുഹമ്മദ് എന്നിവർ പ്രതിഷേധ കവിതകൾ അവതരിപ്പിച്ചു. സന നസീം, കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ് അലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ കൾച്ചറൽ ഫോറം തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കചൻ ജോൺസൺ സ്വാഗതവും ജനറൽ സെക്രട്ടറി നിഹാസ് എറിയാട് നന്ദിയും പറഞ്ഞു.