തിരുവനന്തപുരം :കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ജൂനിയർ ടൈംസ് സ്‌കെയിൽ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 81,800 രൂപ ആയിരിക്കും അടിസ്ഥാന ശമ്പളം. അനുവദനീയമായ ഡി എ, എച്ച്ആർഎ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും.

മുൻസർവീസിൽ നിന്നും കെഎഎസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും. ട്രെയിനിങ് പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻ സർവീസിൽ നിന്നും വിടുതൽ ചെയ്തുവരുന്ന ജീവനക്കാർക്ക് പ്രസ്തുത തീയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും. 18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വർഷം പ്രീ-സർവീസ് പരിശീലനവും സർവീസിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മുൻപ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.