കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ അവസാനത്തെ കൊലയാളിക്കും കൈവിലങ്ങ് തീർക്കും വരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു നാടിന്റെയാകെ അരുമകളായ രണ്ട് ചെറുപ്പക്കാരെ, ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സിപിഎമ്മുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരും. സിപിഎമ്മിന്റെ ഏതാനും കൊലയാളികൾ അഴിക്കുള്ളിലേക്ക് പോകുമ്പോഴൊന്നും കോൺഗ്രസ് പ്രവർത്തകരുടെ പോരാട്ടം അവസാനിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതോടെ കൊലയാളികളെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിച്ച മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിന്റേയും മുഖം കൂടുതൽ വികൃതമായിരിക്കുകയാണെന്നും കെ സുധാകരൻ പ്രതികരിച്ചു.

പിണറായി വിജയന്റെ വീട്ടിൽ നിന്നോ എ കെ ജി സെന്ററിൽ നിന്നോ എടുത്ത കാശു കൊണ്ടല്ല, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊലയാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിനു തടയിടാൻ സിപിഎം വെപ്രാളപ്പെട്ടതെന്തിനെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മും സർക്കാരും ഭയപ്പട്ടതാണ് ഇപ്പോൾ സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോൺഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യുഡിഎഫും ഏതറ്റം വരേയും പോകുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.