ബെംഗളൂരു: ബിജെപി എംഎൽഎയെ കൊലപ്പെടുത്താൻ കോൺഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. കർണാടകയിലാണ് സംഭവം. യെലഹങ്ക എംഎൽഎ എസ്ആർ വിശ്വനാഥനെ വകവരുത്താൻ കോൺഗ്രസ് നേതാവായ ഗോപാൽകൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.

ഗോപാൽകൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 'അവനെ കൊല്ലണം, എംഎൽഎയെ തീർത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്. തീർത്തേക്ക്. ഇക്കാര്യം നമുക്കിടയിൽ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്' എന്നും ഗോപാൽകൃഷ്ണ വീഡിയോയിൽ പറയുന്നു.

കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചർച്ച. അതേസമയം വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.