മിക്രോൺ ബാധിച്ചവരിൽ വളരെ നേരിയതോതിൽ മാത്രമാണ് ലക്ഷണങ്ങൾ കാണപ്പെടുന്നത്. മാത്രമല്ല, വാക്സിന് ഇതിന്റെ കാഠിന്യം കുറയ്ക്കുന്ന കാര്യത്തിൽ കാര്യക്ഷമത കുറവാണെന്നതിന് തെളിവുമില്ല എന്ന് ലോകാരോഗ്യ സംഘടനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ വക്ഗ്താവ് പറയുന്നത് രോഗവ്യാപന കാര്യത്തിൽ ഡെൽറ്റ വകഭേദത്തേക്കാൾ മുന്നിലാണെങ്കിലും നിലവിലുള്ള വാക്സിനുകൾ, രോഗം ഗുരുതരമാകാതെ തടയുന്നതിലും ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല എന്നാണ്.

ഏത് തെളിവാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഇത് പറയുവാനുള്ള അടിസ്ഥാനമായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ, ഓമിക്രോൺ വകഭേദം നേരത്തേ വിചാരിച്ചതുപോലെ ലോകത്തെ ഗുരുതരമായി ബാധിക്കില്ല എന്ന ആദ്യത്തെ ഔദ്യോഗിക പ്രഖ്യാപനമാണിത്. എന്നാൽ, ഓമ്രിക്കോൺ പടരുന്ന സാഹചര്യത്തിൽ പോലും ജനസംഖ്യാടിസ്ഥാനത്തിൽ ബ്രിട്ടനേയും അമേരിക്കയേയും അപേക്ഷിച്ച് കുറവു കേസുകൾ മാത്രമാണ് ദക്ഷിണാഫ്രിക്കയിൽ രേഖപ്പെടുത്തുന്നത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണവിഭാഗത്തിന്റെ കണക്കുകൾ പറയുന്നത് ബ്രിട്ടനിൽ ഒരു മില്യൺ ആളുകളിൽ 628 പേർക്ക് പ്രതിദിനം കോവിഡ് ബാധിക്കുമ്പോൾ അമേരിക്കയിൽ 246 പേർക്ക് ബാധിക്കുന്നു എന്നാണ്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒരു മില്യൺ ആളുകളീൽ 46 പേർക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്. ഇതുവരെ വെറും 172 ഓമിക്രോൺ കേസുകൾ മാത്രമാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിട്ടുള്ളത്. പുതിയ വകഭേദം ബാധിച്ചവരിൽ പഴയ വകഭേദം ബാധിച്ചവരേക്കാൾ താരതമ്യേന ദുർബലമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ഡോക്ടർമാരും സ്ഥിരീകരിക്കുന്നു.

പുതിയ വകഭേദം ആവിർഭവിച്ചതെന്ന് കരുതപ്പെടുന്ന ബോത്സ്വാനയിൽ ഓമിക്രോൺ ബാധയുള്ള 19 പേരിൽ 16 പേരും ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ അതിശക്തമായ വ്യാപനമുള്ള ഗൗടെംഗ് പ്രവിശ്യയിൽ ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് പുതിയ വകഭേദം ദുർബലമാണെന്നത് ശരിയായ അനുമാനമാണോ എന്ന സംശയവും ഉയർത്തുന്നു.

ഈ ആഴ്‌ച്ച ഈ പ്രവിശ്യയിൽ 580 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ആഴ്‌ച്ച ഇത് 330 ആയിരുന്നു. രണ്ടാഴ്‌ച്ചകൾക്ക് മുൻപ് 135 ഉം. നിലവിൽ ഓമിക്രോൺ ഗുരുതരമായ രോഗത്തിനിടയാക്കുന്നില്ല എന്നത് അതിന്റെ ശക്തി കുറച്ചുകാണുവാൻ കാരണമാകരുതെന്നാണ് എപിഡെർമോളജിസ്റ്റായ ഡോ. മറിയ വാൻ കെർഖോവ് പറയുന്നത്. നിലവിൽ ഇത് ബാധിച്ചവരെല്ലാം യുവാക്കളായതിനാൽ അവരിൽ സ്വാഭാവിക പ്രതിരോധ ശേഷി അധികമായിരിക്കും എന്നതിനാൽ ഇത് ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നേയുള്ളു എന്നും അവർ പറയുന്നു.

എന്നാൽ, പ്രായമായവരിലേക്ക് ഇത് പടരുമ്പോഴാണ് യഥാർത്ഥ തീവ്രത മനസ്സിലാക്കുവാൻ കഴിയൂ. ഈ പുതിയ വകഭേദത്തെ കുറിച്ച് ഇനിയും അറിയുവാൻ ചുരുങ്ങിയത് രണ്ടാഴ്‌ച്ചയെങ്കിലും എടുക്കെന്നാണ് വിദഗ്ദർ പറയുന്നത്.ഇതുവരെ 23 രാജ്യങ്ങളിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രെയേസുസ് പറഞ്ഞു.