തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവർത്തിക്കാതിരിക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'മകൾക്കൊപ്പം' കാമ്പയിന്റെ മൂന്നാം ഘട്ടത്തിന് നാളെ (ഡിസംബർ 3) തുടക്കമാകും. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയ പഠിച്ചിരുന്ന തൊടുപുഴ അൽ-അസർ കോളജിൽ രാവിലെ 11 ന് ആരംഭിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എംഎ‍ൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മോഫിയയുടെ പിതാവ് ദിൽഷാദും പങ്കെടുക്കും.

സ്ത്രീധനത്തിനെതിരെ കേരളത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളുമാണ് മകൾക്കൊപ്പം കാമ്പയിന്റെ മൂന്നാംഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ആത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. പെൺകുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആൺകുട്ടികളും പഠിക്കണം. വിവാഹം കഴിക്കുന്ന പെൺകുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാൻ ആൺകുട്ടികൾക്ക് കഴിയണം. ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്റെ പേരിൽ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് പൊതുപ്രവർത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീധന- ഗാർഹിക പീഡനങ്ങളെ തുടർന്ന് കേരളത്തിൽ ആത്മഹത്യകൾ കൂടിയ സാഹചര്യത്തിലാണ് 'മകൾക്കൊപ്പം' കാമ്പയിന് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചത്. കാമ്പയിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുകയും സൗജന്യ നിയമസഹായത്തിനായി സംസ്ഥാനത്തെ 82 കോടതി സെന്ററുകളിൽ 126 അഭിഭാഷകരെ ചുമതപ്പെടുത്തുകയും ചെയ്തു. മൂന്നു മാസത്തിനിടെ 111 പരാതികളാണ് കന്റോൺമെന്റ് ഹൗസിലെ ഹെൽപ് ഡെസ്‌കിൽ ലഭിച്ചത്. ഈ പരാതികൾ അതത് കോടതികളിലെ അഭിഭാഷകർക്ക് കൈമാറിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിന്നാണ് ടോൾ ഫ്രീ നമ്പരിലേക്ക് എറ്റവുമധികം പേർ വിളിച്ചത്.