തിരുവനന്തപുരം: മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങൾ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്.

തിയേറ്ററിനുള്ളിൽ നിന്ന് മൊബൈൽ ഫോണിൽ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹൻലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതുപോലെ പ്രചരിപ്പിക്കുകയാണ്.

ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിർമ്മാതാക്കൾ. ചിത്രത്തിനെതിരേ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.

100 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിർമ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദർശൻ ചിത്രം നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്‌പെഷ്യൽ എഫക്ടിനുള്ള പുരസ്‌കാരത്തിനും അർഹനായിരുന്നു.