കണ്ണൂർ: ഇന്ദിരാഗാന്ധി സ്മാരക ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ അക്രമിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചു കെപിസിസി മുൻ എക്‌സിക്യുട്ടീവ് അംഗവും ആശുപത്രി ചെയർമാനുമായ മമ്പറം ദിവാകരൻ പൊലിസ് സുരക്ഷ തേടി. ഇതു സംബന്ധിച്ചു മമ്പറം ഹൈക്കോടതിയിൽ ഹർജി നൽകി.

കഴിഞ്ഞ ദിവസം പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തന്നെ അഞ്ച് കോൺഗ്രസ് പ്രവർത്തകർ മുറിയിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും കസേര കൊണ്ടു അടിച്ചു പരുക്കേൽപിക്കുകയും ചെയ്തുവെന്ന് മമ്പറം ദിവാകരൻ പരാതിപ്പെട്ടിരുന്നു ഇതിനെ തുടർന്ന് അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മമ്പറം ഇന്ദിരാഗാന്ധി ഇംഗ്‌ളിഷ് മീഡിയം സ്‌കൂളിൽ ഈ വരുന്ന അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപായി പൊലിസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവാകരൻ കോടതിയെ സമീപിച്ചത്.

അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ വരുന്ന അഞ്ചിന് നടക്കാൻ പോകുന്നത്. മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന വിമത വിഭാഗവും യു.ഡി.എഫ് ഔദ്യോഗിക പാനലും തമ്മിലാണ് ഏറ്റുമുട്ടൽ 12 ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനായി അയ്യായിരത്തിലേറെ അംഗങ്ങളാണ് വോട്ടു ചെയ്യുക. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കണ്ണുരിൽ ക്യാംപ് ചെയ്താണ് യു.ഡി.എഫ് പാനലിനെ വിജയിപ്പിക്കാൻ അണിയറയിൽ കരുക്കൾ നീക്കുന്നത്. തന്റെ കടുത്ത വിമർശകനായ മമ്പറം ദിവാകരനെ തോൽപ്പിക്കുകയെന്നത് സുധാകരനും കോൺഗ്രസിനും അഭിമാന പ്രശ്‌നങ്ങളിലൊന്നാണ്.