മൂന്നാർ: പോക്‌സോ കേസിലെ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടതിയിൽ ഹാജരാകാൻ നോട്ടിസ് ലഭിച്ചതിന് പിന്നാലെ മൂന്നാർ ന്യു കോളനി സ്വദേശി പി.പാൽപാണ്ടി (56) ആണു മരിച്ചത്. കേസിൽ പാൽപാണ്ടി നിരപരാധിയാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്വത്ത് തട്ടിയെടുക്കാൻ പീഡനം സംബന്ധിച്ച് വ്യാജപരാതി നൽകി കേസിൽ കുടുക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി പാൽപാണ്ടിയുടെ അയൽവാസികൾ പൊലീസിൽ പരാതി നൽകി.

പാൽപാണ്ടി ഉൾപ്പെട്ട പോക്‌സോ കേസിൽ തുടരന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാൽപാണ്ടിക്ക് എതിരായ പീഡനക്കേസ് സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്നും മക്കളും മരുമക്കളും ചേർന്ന് ഇദ്ദേഹത്തെ പല തവണ മർദിച്ചിരുന്നതായും അയൽവാസികളായ 56 പേർ ചേർന്നു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ബന്ധുവിന്റെ പോക്‌സോ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഒക്ടോബറിലാണ് പാൽപാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം ജയിലിൽ കിടന്ന ശേഷം പാൽപാണ്ടി ജാമ്യത്തിൽ പുറത്തിറങ്ങി. ഇന്നലെ കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനായി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസും ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.