- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് മ്യുട്ടേഷനുകളിലൂടെ ലോകത്തെ ഭയപ്പെടുത്തിയ ഡെൽറ്റയ്ക്ക് പകരം 32 മ്യുട്ടേഷനുകൾ; ഓമിക്രോണിനെ എന്തുകൊണ്ട് ആദ്യം ഭയന്നു എന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് ഇമേജ് പുറത്ത്; ലോകത്തെ ഏറ്റവും വലിയ ഓമിക്രോൺ പടരലിന് കാരണമായത് നോർവേയിലെ ഒരു ബിസിനസ്സ് ട്രിപ്പ്
ശാസ്ത്രജ്ഞന്മാരിൽ പോലും ഭീതി വിതച്ച, ഓമിക്രോണിലെ മ്യുട്ടേഷനുകളുടെ ഗ്രാഫിക് ഇമേജ് പുറത്തായി. ഇംഗ്ലണ്ടിൽ മാസ്‌ക് നിർബന്ധമാക്കുന്നതിനും, പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഒപ്പം ബ്രിട്ടനിലെ ബൂസ്റ്റർ വാക്സിൻ പദ്ധതി ത്വരിതപ്പെടുത്തുന്നതിനും കാരണമായത് ഈ ചിത്രം തന്നെ. സ്പൈക്ക് പ്രോട്ടിനിൽ സംഭവിച്ച 32 മ്യുട്ടേഷനുകളുടെ വിശദമായ വിവരണമാണ് ഈ ചിത്രം. ഇത്രയധികം മ്യുട്ടേഷനുകൾ ഉള്ളതുകൊണ്ടു തന്നെയാണ് ഇതിന് അതിവ്യാപന ശേഷിയുണ്ടെന്നും വാക്സിനെ പ്രതിരോധിക്കുമെന്നും ശാസ്ത്രലോകം ചിന്തിച്ചത്.
രാജ്യത്തെ ഏറ്റവും ഉന്നതമായ വേരിയന്റ് മോണിറ്ററിങ് ടീം പുറത്തുവിട്ട ഈ ചിത്രത്തിൽ ഇതിനു മുൻപ് ലോകത്തെ പിടിച്ചുലച്ച ഡെൽറ്റ വകഭേദത്തേക്കാൾ എത്രയധികം മ്യുട്ടേഷനുകൾ സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. ഡെൽറ്റയേക്കാൾ ഏകദേശം അഞ്ചിരട്ടി വ്യത്യാസങ്ങളാണ് ഓമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്നത്. ഇന്നലെ വരെ ബ്രിട്ടനിൽ വെറും 32 പേരിൽ മാത്രമാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ ഇത് കണ്ടെത്തിയേക്കാം എന്നാണ് അനുമാനിക്കുന്നത്.
ഇതിനു മുൻപ് ആശങ്കയുയർത്തിയ എല്ലാ വകഭേദങ്ങളിലും കണ്ടെത്തിയ മ്യുട്ടേഷനുകൾ എല്ലാം തന്നെ ഇതിലുമുണ്ട്. അതിനും പുറമേയണ് അതിവ്യാപനശേഷിക്കും വാക്സിൻ പ്രതിരോധത്തിനും ഇടയാക്കുമെന്ന് ഭയക്കുന്ന മറ്റു ചില മ്യുട്ടേഷനുകൾ. വൈറസ് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുവാനും, അവിടെ തുടരാനും അതിനെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച മ്യുട്ടേഷനുകളാണ് ശാസ്ത്രലോകത്തെ ആശങ്കയിലാഴ്‌ത്തുന്നത്.
ചിത്രത്തിന്റെ താഴ്ഭാഗത്ത് വലതുവശത്തായി കാണിച്ചിരിക്കുന്ന എച്ച് 655 വൈ, എൻ 679 കെ, പി 681 എച്ച് എന്നീ മ്യുട്ടേഷനുകൽ വൈറസിനെ മനുഷ്യശരീരത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നവയാണെന്ന് വിദഗ്ദർ പറയുന്നു. കോവിഡ് ജിനോമിക്സ് കൺസോർഷ്യം യു കെയാണ് ഈ ചിത്രം പുറത്തുവിട്ടത്. നിലവിലുള്ള വാക്സിനുകളുടെ കാര്യക്ഷമത ഈ വകഭേദം 40 ശതമാനം കുറയ്ക്കുമെന്ന് അനുമാനമുണ്ടെങ്കിലും അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുമ്പ് മറ്റൊരു വകഭേദത്തിലും കാണാത്ത 26 മ്യുട്ടേഷനുകൾ ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രഭാവം എന്താണെന്ന് ശാസ്ത്രലോകം പഠിക്കുന്നതേയുള്ളൂ.
അതിനിടയിൽ നോർവ്വെയിൽ ലോകത്തെ ഏറ്റവു വലിയ ഓമിക്രോൺ വ്യാപനത്തിൽ 50 മുതൽ 60 പേർക്ക് രോഗം സ്ഥിരീകരിച്ചു. നോർവേയിലെ ഒരു ക്രിസ്ത്മസ്സ് പാർട്ടിയിലാണ് ഈ വ്യാപനം നടന്നത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ വാക്സിൻ എടുത്തവരാണ്. ദക്ഷിണാഫ്രിക്കയിലേക്കൂള്ള ഒരു ബിസിനസ്സ് യാത്രയാണ് ഈ വ്യാപനത്തിന്റെ മൂല കാരണമെന്ന് കരുതപ്പെടുന്നു.
സ്‌കാടെക് എന്ന സ്ഥാപനത്തിലെ ചില ജീവനക്കാർ അടുത്തയിടെയാണ് ദക്ഷിണാഫ്രിക്കൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത്. അതുകഴിഞ്ഞായിരുന്നു അവർ ഓസ്ലോയിലെ ലൂയിസ് റെസ്റ്റൊറന്റ് ആൻഡ് ബാറിൽ പാർട്ടിക്ക് ഒത്തുകൂടിയത്. ദക്ഷിണാഫ്രിക്കയിൽ പോയിരുന്ന ബിസിനസ്സ് ഡെവലപ്മെന്റ് അനാലിസ്റ്റ് മാർത്ത സ്ലോട്കോവ്സ്‌കയും ദക്ഷിണാഫ്രിക്കയിലേക്ക് പോയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തുമ്പോൾ ഇവർക്ക് രോഗമുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പാർട്ടിയിൽ പങ്കെടുത്തവരിൽ 50 പേർക്ക് പി സി ആർ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. 10 പേർക്ക് നടത്തിയത് ലാറ്ററൽ ഫ്ളോ പരിശോധനയാണ്. ഇവരിൽ ആരും തന്നെ ഇതുവരെ ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ