കൊച്ചി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള സർക്കാർ തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാർത്ഥികളുടെ എംബിബിഎസ് ഫീസ് അടക്കാൻ സർക്കാരിന് നിർദ്ദേശം നൽകിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ പരാമർശം.

പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്‌സ് നടത്താനുള്ള അനുമതി പിൻവലിച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പുനർവിന്യാസം നടത്തിയവരാണ് ഹർജിക്കാരായ വിദ്യാർത്ഥികൾ.

ഇവരുടെ ഫീസ് സർക്കാറാണ് അടക്കേണ്ടിയിരുന്നത്. മൂന്നാം വർഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കൽ കോളജിൽ സർക്കാർ നേരത്ത അടച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഫീസ് അടയ്ക്കാൻ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്റെ നിലപാട്.

ഈ വാദം തള്ളിയ കോടതി വകുപ്പിന്റെ നിലപാടിൽ അതൃപ്തി രേഖപെടുത്തി. ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനാണ് എം.ബി.ബി.എസ് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ ഫീസ് നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത്. ഇതിനെ ദുർബലപ്പെടുത്തുന്ന തീരുമാനം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുണ്ടായത് അപലപനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.