കോഴിക്കോട്: വടകര പി ഡബ്യു ഡി റെസ്റ്റ് ഹൗസിലെ കുപ്പയിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ രണ്ടു താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. മന്ത്രി പി എ മുഹമമദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് റെസ്റ്റ് ഹൗസിൽ ഇരുപത് വർഷത്തോളമായി ജോലി ചെയ്യുന്ന പി കെ പ്രകാശൻ, സി എം ബാബു എന്നിവരെ പിരിച്ചുവിട്ടത്. ഇവർക്ക് പിരിച്ചുവിടൽ നോട്ടീസ് പോലും നൽകിയിട്ടില്ല. എന്നാൽ ഇവർക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക നിർദ്ദേശം നൽകി. ഇതോടെ ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ, കുടുംബങ്ങളുടെ അത്താണിയായ രണ്ടുപേർക്ക് ജോലി നഷ്ടപ്പമായി.

ഒരാഴ്ച മുമ്പ് ക്യാമറകളുമായ് മന്ത്രി നടത്തിയ 'മിന്നൽ സന്ദർശന 'ത്തെ തുടർന്നാണ് രണ്ട് താത്കാലിക ജീവനക്കാർക്കെതിരെ നടപടിയെടുത്തത്. റസ്റ്റ് ഹൗസ് പരിസരത്തെ കുപ്പയിൽ നിന്ന് പഴക്കംചെന്ന മദ്യക്കുപ്പി കണ്ടെടുത്തതാണ് ഇവർക്കെതിരെയുള്ള കുറ്റമായി മന്ത്രി വിവരിച്ചത്. മന്ത്രി പരസ്യമായി ഇവരെ ശാസിക്കുന്നത് മാധ്യമങ്ങളിൽ വന്നിരുന്നു. ഇതിന് ശേഷമാണ് 'കുറ്റക്കാരെ' പിരിച്ചുവിടുമെന്ന് മന്ത്രി നേരിട്ട് പ്രഖ്യാപിച്ചത്. ഈ നീക്കത്തിൽ നിന്ന് പിൻവാങ്ങണമെന്ന് സിപിഎം അനുകൂല എൻജിഒ യൂണിയൻ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

നടപടിക്ക് വിധേയരായ ഒരാൾ സിപിഎം അനുഭാവിയാണ്. മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഒരു നോട്ടീസ് പോലും നൽകാതെയാണ് ഇവരോട് ജോലിയിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശിച്ചത്. മന്ത്രി റസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു ജീവനക്കാരെ മുൻകൂട്ടി അറിയിക്കാതെ റസ്റ്റ് ഹൗസിലേക്ക് എത്തിയത്. പരിശോധന നടത്തുന്നതിന്റെ ലൈവ് വീഡിയോ മന്ത്രി ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. പരിശോധനയിൽ റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും മദ്യക്കുപ്പിയും മാലിന്യക്കൂമ്പാരവും കണ്ടെത്തി. മദ്യക്കുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി റസ്റ്റ് ഹൗസ് ജീവനക്കാരോട് ദേഷ്യപ്പെടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

എന്നാൽ രണ്ട് താത്ക്കാലിക ജീവനക്കാരെ ബലിയാടാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു സി പി എം അനുകൂല എൻ ജി ഒ യൂണിയന്റേത്. അമ്പത് വയസ്സിലേക്ക് കടക്കുന്ന രണ്ട് ജീവനക്കാരും പാവപ്പെട്ട കുടുംബങ്ങളുടെ അത്താണിയാണ്. ഒരു ജീവനക്കാരന്റെ ഭാര്യ വികലാംഗയുമാണ്. ഇവരെയെല്ലാം സ്ഥിരപ്പെടുത്തണമെന്ന നിർദ്ദേശം സർക്കാറിന് മുന്നിലുള്ളപ്പോഴാണ് റിയാസിന്റെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഇവർക്കൊപ്പം ജോലിയിൽ പ്രവേശിച്ച പല ജീവനക്കാരെയും മുൻ യു ഡി എഫ് സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. റസ്റ്റ് ഹൗസിൽ ജീവനക്കാർ മദ്യം വിളമ്പുകയോ ഡ്യൂട്ടി സമയത്ത് മദ്യപിക്കുകയോ ചെയ്താൽ മാത്രമേ അവർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. കെട്ടിടത്തിന് പുറത്തെ കുപ്പയിൽ നിന്ന് കാലപ്പഴക്കമുള്ള മദ്യക്കുപ്പി കണ്ടെടുത്ത് അത് ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു ആരോപണം ഉയർന്നത്.

റസ്റ്റ് ഹൗസിന്റെ നിയന്ത്രണം താത്കാലിക ജീവനക്കാർക്കല്ല. ഇത്തരം വസ്തുതകൾ നിലനിൽക്കുമ്പോഴാണ് സർവീസ് സംഘടനയിൽ പോലും അംഗത്വമില്ലാത്ത, ചോദ്യം ചെയ്യപ്പെടില്ല എന്ന് ഉറപ്പുള്ള താത്കാലിക ജീവനക്കാരെ ബലിയാടാക്കിയതെന്നും ആക്ഷേപം ശക്തമായിരുന്നു.