- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണം; പ്രതികൾ ആകുന്നവർക്ക് സഹായങ്ങൾ ഒരുക്കി കൊടുക്കരുത് എന്നും എ.ഐ.വൈ.എഫ്
കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് എഐവൈഎഫ്. ഇടക്കാലത്ത് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അൽപം ശമനം ഉണ്ടായിരുന്നു. എന്നാൽ തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി പി സന്ദീപ് കുമാർ ആർഎസ്എസ് അക്രമത്തിൽ കൊല്ലപ്പെട്ട വാർത്തയും അതോടൊപ്പം പെരിയ ഇരട്ടകൊലപാതകത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കൾ പ്രതിചേർക്കപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. കൊലപാതകങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമ-സാമ്പത്തിക-സംരക്ഷണങ്ങളൊന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുക്കി കൊടുക്കരുതെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം റയിൽവേ റിക്രൂട്ട്‌മെന്റ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നടത്തുന്ന പണപ്പിരിവുകളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗപരമായ വേർതിരിവ് അവസാനിപ്പിക്കാൻ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.
ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (കണ്ണൂർ റബ്‌കോ ഓഡിറ്റോറിയം) ഇന്നലെ ആരംഭിച്ച പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ്(കൊൽക്കത്ത) എഡിറ്റർ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, എഐവൈഎഫ് ദേശീയ സെക്രട്ടറിയും റവന്യു വകുപ്പ് മന്ത്രിയുമായ കെ രാജൻ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ അഭിവാദ്യം ചെയ്തു. സംഘാടകസമിതി ചെയർമാനും സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി സന്തോഷ് കുമാർ സ്വാഗതവും എഐവൈഎഫ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ വി രജീഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രവർത്തന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പ്രസിഡന്റ് ആർ സജിലാൽ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. എ ശോഭ രക്തസാക്ഷി പ്രമേയവും എൻ അരുൺ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
സംഘടന റിപ്പോർട്ട് ദേശീയ പ്രസിഡന്റ് അഫ്താബ് ആലംഖാൻ അവതരിപ്പിച്ചു. എഐവൈഎഫ് കർണാടക സംസ്ഥാന സെക്രട്ടറി ഹരീഷ് ബാല, സെക്രട്ടറി എച്ച് എം സന്തോഷ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലജിത്ത്, സംസ്ഥാന പ്രസിഡന്റ് വെങ്കിടേഷ്, എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ എന്നിവർ അഭിവാദ്യം ചെയ്തു.
അഡ്വ. ആർ സജിലാൽ കൺവീനറും പ്രിൻസ് മാത്യു, ടി ടി ജിസ്മോൻ, കെ പി സന്ദീപ്, അനിത രാജ്, സി കെ ആശ എംഎൽഎ എന്നിവർ അംഗങ്ങളുമായ പ്രസീഡിയവും മഹേഷ് കക്കത്ത് കൺവീനറും അരുൺ കെ എസ്, അഡ്വ. പി ഗവാസ്, പി എസ് എം ഹുസൈൻ, എൻ അരുൺ, ജെ അരുൺബാബു എന്നിവർ അംഗങ്ങളായ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. അഡ്വ. കെ കെ സമദ്(കൺവീനർ), അഡ്വ. ആർ ജയൻ, പി പ്രദീപ്, മുകേഷ് ബാലകൃഷ്ണൻ, പി കബീർ, എസ് വിനോദ് കുമാർ, കെ ഷാജഹാൻ, അഡ്വ. എം എസ് നിഷാദ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും അഡ്വ. ശുഭേഷ് സുധാകർ (കൺവീനർ), പ്രസാദ് പറെരി, കെ ആർ റെനീഷ്, ജി ബൈജു, അഡ്വ. ആർ എസ് ജയൻ, എം സി സജീഷ്, രജനി മനോജ്, ശ്രീജിത്ത് മുടപ്പിലായി എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും രാഗേഷ് കണിയാംപറമ്പിൽ (കൺവീനർ), എ എസ് ആനന്ദകുമാർ, മുഹമ്മദ് സലിം, അഡ്വ. വി എസ് അഭിലാഷ്, അഡ്വ. വിനീത വിൻസെന്റ് എന്നിവരടങ്ങിയ മിനിട്‌സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.
മറുനാടന് മലയാളി ബ്യൂറോ