കണ്ണൂർ: ബിജെപി പ്രവർത്തകർ തലശേരി നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചത് ന്യൂനപക്ഷങ്ങളോട് മാത്രമല്ല തലശേരിയിലെ മുഴുവൻ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനപരമായ പ്രകടനം നടത്തിയതിന് വർഗീയ ഭ്രാന്തെന്ന് വിളിക്കാം. ഉത്തരേന്ത്യൻ മോഡൽ പ്രകടനമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ജയരാജൻ പറഞ്ഞു.

മത ന്യൂനപക്ഷങ്ങളോട് രാജ്യവ്യാപകമായ അക്രമമാണ് സംഘ് പരിവാർ നടത്തുന്നത്. സംഘപരിവാർ ഇരകൾക്കൊപ്പമല്ല മറിച്ചു വേട്ടക്കാർക്കൊപ്പമാണെന്ന് പലകുറി തെളിയിച്ചു കഴിഞ്ഞതാണെന്നും ജയരാജൻ പറഞ്ഞു. അധികാരത്തിന്റെ ഹുങ്കിൽ ബിജെപി ന്യുനപക്ഷ വേട്ട നടത്തുകയാണ് ഇന്ത്യയിലെ തെരുവ് കച്ചവടക്കാർക്കെതിരെയും മറ്റു ന്യുനപക്ഷ കാർക്കെതിരെയും വേട്ട തുടരുകയാണ്. അവർ ഭയപ്പാടോ യാണ് തെരുവുകളിൽ കച്ചവടം നടത്തി ജീവിക്കുന്നത്. ഉത്തരേന്ത്യയെപ്പോലെ കേരളത്തിൽ ന്യൂനപക്ഷ വേട്ട ഒരു കാരണവശാലും ഇടതു മതേതര ശക്തികൾ അനുവദിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

ന്യുനപക്ഷ വേട്ടക്കെതിരെ ഡിസംബർ ഏഴിന് വൈകുന്നേരം അഞ്ചു മണിക്ക് കണ്ണുർ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ സംഗമം നടത്തും പെരുമ്പ, ചെറുപുഴ, ചെമ്പേരി, തളിപ്പറമ്പ് ,പാപ്പിനിശേരി, കക്കാട്, അഞ്ചരക്കണ്ടി, ഇരിട്ടി തുടങ്ങി 17 കേന്ദ്രങ്ങളിലാണ് പ്രതിഷേധ സംഗമം നടത്തുകയെന്ന് ജയരാജൻ അറിയിച്ചു.