- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോണെന്ന് സംശയം; റിസ്‌ക് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ രണ്ട് പേർക്ക് കോവിഡ്ച വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി സർക്കാർ: നിലവിൽ ഇന്ത്യയിൽ ഉള്ളത് രണ്ട് ഒമിക്രോൺ കേസുകൾ
ജയ്പുർ: ഒമിക്രോൺ ആശങ്ക ഇന്ത്യയേയു മുറുകുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോണെന്ന് സംശയം. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ നാലു പേർ ഉൾപ്പെടുന്ന ഒരു കുടുംബത്തിലെ ഒൻപത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സംശയത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ നാല് പേരെയും രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചു.
ജനിതക പരിശോധനയ്ക്കായി ഒൻപതു പേരുടെയും സ്രവം എടുത്തതായി ദേശീയ മാധ്യമത്തോട് ആരോഗ്യ പ്രവർത്തകൻ പറഞ്ഞു. കുടുംബത്തിൽ ആകെ 14 പേരിൽ ഒൻപത് പേരുടെ ഫലമാണ് പോസിറ്റിവ് ആയത്. ഈ കുടുംബത്തിലുള്ള എല്ലാവരേയും ക്വാറന്റൈൻ ചെയ്തു. രാജസ്ഥാനിൽ ഇന്നലെ 213 കോവിഡ് കേസുകളാണു പുതിയതായി ഉള്ളത്. ഇതിൽ 114 എണ്ണവും ജയ്പുരിൽ നിന്നാണ്.
നിലവിൽ ഇന്ത്യയിൽ രണ്ട് പേർക്കു മാത്രമാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതിൽ ബെംഗളൂരുവിലെ 46 വയസ്സുകാരനായ ഡോക്ടർക്ക് വിദേശയാത്രാ പശ്ചാത്തലം ഇല്ല എന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ഇടപഴകിയ 5 പേരും പോസിറ്റീവായിട്ടുണ്ട്. ഇവരുടെയും ജനിതകശ്രേണീകരണ റിപ്പോർട്ട് കിട്ടിയിട്ടില്ല. ഡോക്ടർക്കു കോവിഡ് വന്നതെങ്ങനെയെന്ന് അന്വേഷിക്കാൻ കർണാടക സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. ഈ രീതിയിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നു പരിശോധിക്കാൻ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചു.
അതേസമയം കേരളത്തിലും ഒമിക്രോൺ ആശങ്ക ശക്തമായിട്ടുണ്ട്. ഇതോട വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തിയ രണ്ട് പേരും ഒരാളുടെ അമ്മയും കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ ആണ്. ഇവർക്ക് ഒമിക്രോൺ ആണോ എന്ന് വ്യക്മല്ല. ഇത് മനസ്സിലാക്കുന്നതിനായി ഇവരുടെ സാംപിൾ ജനിതകശ്രേണീകരണത്തിനായി അയച്ചു. ഇവയുടെ ഫലം ലഭിച്ചിട്ടില്ല.
ബ്രിട്ടനിൽ നിന്നും ജർമനിയിൽ നിന്നും കേരളത്തിൽ എത്തിയ മലയാളികൾക്കാണ് ഒമിക്രോൺ ആണോ എന്ന് സംശയം. ബ്രിട്ടനിൽ നിന്നും കോഴിക്കോട്ടെത്തി കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുകയായിരുന്ന ആരോഗ്യ പ്രവർത്തകനെയും അമ്മയെയും ബീച്ച് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ സാംപിൾ തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ മാസം 21ന് എത്തിയ ആരോഗ്യ പ്രവർത്തകന് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടയിൽ ഇവർ മൂന്നു നാലു ജില്ലകളിൽ ട്രെയിനിൽ ഉൾപ്പെടെ യാത്ര ചെയ്തിട്ടുണ്ട്. സമ്പർക്കപ്പട്ടിക തയാറാക്കുന്നുണ്ട്.
ജർമനിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എത്തിയ തമിഴ്‌നാട് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സാംപിൾ ജനിതക ശ്രേണീകരണത്തിനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒമിക്രോൺ റിസ്‌ക് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ശേഷം കോവിഡ് പോസിറ്റീവായ 68 പേർ നിരീക്ഷണത്തിലാണ്. മഹാരാഷ്ട്ര (28), തെലങ്കാന (13), ഡൽഹി (12), രാജസ്ഥാൻ (9), തമിഴ്‌നാട് (3), കേരളം (3) എന്നീ സംസ്ഥാനങ്ങളിലാണിത്.ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, ചൈന (ഹോങ്കോങ് ഉൾപ്പെടെ), ന്യൂസീലൻഡ്, ഇസ്രയേൽ, ബ്രസീൽ, ബോട്‌സ്വാന, മൊറീഷ്യസ്, സിംബാബ്വെ, ബംഗ്ലാദേശ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയാണ് റിസ്‌ക് രാജ്യങ്ങൾ. ഇവിടങ്ങളിൽനിന്നായി തിരിച്ചെത്തിയ 16,000 യാത്രക്കാരെ പരിശോധിച്ചുവെന്നും ഇതിൽ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ