കുറ്റിപ്പുറം: കുഴൽപ്പണം കാറിൽ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ മലപ്പുറത്ത് അറസ്റ്റിലായി. 63.9 ലക്ഷം രൂപ കാറിലെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച വേങ്ങര സ്വദേശികളായ ചണ്ണയിൽ എടക്കണ്ടൻ സഹീർ (26), ഉത്തൻകാര്യപ്പുറത്ത് ഷമീർ (24) എന്നിവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10ന് ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധനിയിലാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ കുറ്റിപ്പുറം ഹൈവേ ജംക്ഷനു സമീപത്തുവച്ചാണ് ഇരുവരും പിടിയിലായത്.

വേങ്ങരയിൽനിന്ന് തൃശൂരിലെ ചിലർക്ക് വിതരണം ചെയ്യാനുള്ള പണമാണ് പിടിച്ചെടുത്തതെന്ന് സിഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു. പിടിച്ചെടുത്ത പണവും പ്രതികളെയും ആദായനികുതി ഉദ്യാഗസ്ഥർക്കു കൈമാറി. കാറിനുള്ളിലെ രഹസ്യ അറയിലായിരുന്നു 500 രൂപയുടെ കെട്ടുകളാക്കിയ പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം സ്വദേശിയുടെ നേതൃത്വത്തിലാണു പണം വിതരണം ചെയ്യുന്നത്. ഷമീറിന്റെ വീട്ടിൽ എത്തുന്ന പണം ഗൾഫിൽനിന്നുള്ള മൊബൈൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും വിവിധ ജില്ലകളിൽ എത്തിച്ചിരുന്നത്. പിടിയിലായവർ നേരിട്ടാണ് കുഴൽപണ ഇടപാടുകൾ നടത്തുന്നത്.

ആറ് ലക്ഷം രൂപയുമായി ബൈക്കിൽ പോയ യുവാവ് പിടിയിൽ
കൽപകഞ്ചേരി: ബൈക്കിൽ കുഴൽപണവുമായി പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടിൽ അർഷാദ് അക്കീലിനെ (26) ആണ് സിഐ പി.കെ.ദാസും സംഘവും അറസ്റ്റ് ചെയ്തു. കുറുക്കോൾ കുന്നിൽവച്ചാണ് പിടികൂടിയത്. 6 ലക്ഷം രൂപ പിടിച്ചെടുത്തു.