- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
75 പേർക്ക് കൂടി ഇന്നലെ ഓമിക്രോൺ സ്ഥിരീകരിച്ചതോടെ യു കെയിൽ പുതിയ വകഭേദം ബാധിച്ചവരുടെ എണ്ണം 134 ആയി; മഹാഭൂരിപക്ഷം പേരും ഡബിൾ വാക്സിൻ സ്വീകരിച്ചവർ; പുതിയ രൊഗികളുടെ എണ്ണത്തിലും വർദ്ധന; ഗുരുതരമാകില്ലെന്ന പ്രതീക്ഷയ്ക്കിടെ മറ്റൊരു തരംഗത്തിന് കാത്ത് ബ്രിട്ടൻ
ഓമിക്രോൺ ബ്രിട്ടനിലും പിടിമുറുക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയതായി 75 പേരിൽ കൂടി ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ മറ്റൊരു തരംഗത്തെ പ്രതീക്ഷിക്കുകയാണ് ബ്രിട്ടൻ. ഇതുവരെ 134 പേരിലാണ് അതിവ്യാപനശേഷിയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇംഗ്ലണ്ടിൽ മാത്രം 104 പേരിലാണ് ഓമിക്രോൺ ബാധിച്ചിട്ടുള്ളത്. യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി പുറത്തുവിട്ടതാണ് ഈ കണക്കുകൾ. കിഴക്കൻ മിഡ്ലാൻഡ്സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, പടിഞ്ഞാറൻ മിഡ്ലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയതായി ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
അതേസമയം സ്‌കൊട്ട്ലാൻഡിൽ ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം29 ആയി ഉയർന്നു. വെയിൽസിലെ ആദ്യത്തെ ഒമിക്രോൺ സാന്നിദ്ധ്യം ഇന്നലെ കാർഡിഫിൽ കണ്ടെത്തി. നോർത്തേൺ അയർലൻഡിൽ നിന്നും ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗബാധ സ്ഥിരീകരിച്ചവരോടും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോടും സെൽഫ് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടതായി യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി വെളിപ്പെടുത്തി. ഇവരുടെ യാത്രാ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ്.
ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, ഇംഗ്ലണ്ടിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രോഗികളിൽ പകുതിയിലേറെ പേർ രണ്ട് ഡോസ് വാക്സിനും എടുത്തവരാണ് എന്നുള്ളതാണ്. എന്നാൽ, ഇന്നലെ കണ്ടെത്തിയ 75 പേർ വാക്സിൻ എടുത്തവരാണോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഓമിക്രോൺ പിടിമുറുക്കുമ്പോഴും അതിനെക്കുറിച്ച് ഭയക്കാതെ ഞായറാഴ്‌ച്ചയിലെ ആദ്യ വാരാന്ത്യം ആഘോഷിക്കാൻ ജനങ്ങൾ കൂട്ടം കൂടമായി പബ്ബുകളിലു ബാറുകളിലുമെത്തി. തെരുവുകളിലും സാമാന്യം നല്ല തിരക്കനുഭവപ്പെട്ടു.
ഓമിക്രോൺ സ്ഥിരീകരിക്കപ്പെടുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് രോഗ പരിശൊധന നടത്തുകയാണിപ്പോൾ. മാത്രമല്ല, ഫലം വരുന്നതുവരെ അവരോട് സെൽഫ് ഐസൊലേഷനിൽ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തിലും പ്രാദേശിക തലത്തിലും ഇതിനായുള്ള പ്രവർത്തനം ഒരേ വേഗതയിലാണ് നീങ്ങുന്നത്. അതുതന്നെയാണ് ഇത്ര പെട്ടെന്ന് ഇത്രയധികം ഓമിക്രോൺ രോഗികളെ കണ്ടെത്താൻ സഹായകരമായതും. കോവിഡ് ലക്ഷണങ്ങൾ കാണപ്പെട്ടാൽ ഉടൻ സെൽഫ് ഐസൊലേഷനിൽ പോകേണ്ടതും പി സി ആർ ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
നിലവിൽ ഓമിക്രോൺ ബാധിച്ചവരിൽ ചിലരെങ്കിലും വിദേശങ്ങളിലേക്ക് യാത്ര ചെയ്യാത്തവരാണ്. ചെറിയതോതിലാണെങ്കിൽ കൂടി സമൂഹവ്യാപനം നടന്നു എന്നതിന്റെ തെളിവാണിത്. അതുകൊണ്ടു തന്നെ ഇനിമുതൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. രോഗം വരാതെ നോക്കുന്നതുപോലെ, രോഗബാധ ഉണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതെ നോക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. കഴിയുന്നതും എല്ലാവരും തന്നെ ബൂസ്റ്റർ ഡോസ് എടുക്കുകയും വേണം.