- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച്ച ആയിരത്തിൽ താഴെ രോഗികൾ മാത്രം പുതിയതായി ഉണ്ടായ ദക്ഷിണാഫ്രിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 16,000 പുതിയ രോഗികൾ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടി; അപകടകാരിയല്ലെന്ന് കരുതുമ്പോഴും ഓമിക്രോണിന്റെ വേഗത സമാനതകളില്ലാത്തത്
ഒരാഴ്ച്ചകൊണ്ട് ദക്ഷിണാഫ്രിക്കയിലെ കോവിഡ് വ്യാപന നിരക്ക് വർദ്ധിച്ചത് അഞ്ചിരട്ടിയോളം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് 360 ശതമാനം. രോഗവ്യാപന തോതിനെ സൂചിപ്പിക്കുന്ന ആർ നിരക്ക് 3.5 ൽ എത്തിയെന്ന് ഔദ്യോഗിക മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മാത്രം 16,055 പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. അതിൽ ഭൂരിഭാഗവും ഇപ്പോൾ കോവിഡിന്റെ എപ്പിസെന്ററായി മാറിക്കഴിഞ്ഞ ഗൗട്ടെംഗ് പ്രവിശ്യയിൽ നിന്നാണ്.
കഴിഞ്ഞയാഴ്‌ച്ച ഇതേദിവസം 2,828 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതായത് ഒരാഴ്‌ച്ചക്കാലയളവിൽ രോഗവ്യാപനതോത് 468 ശതമാനം വർദ്ധിച്ചു. രണ്ടാഴ്‌ച്ചയ്ക്ക് മുൻപുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപന തോതിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് 1900 ശതമാനമാണ്. മറ്റേതൊരു വകഭേദത്തേക്കാൾ കൂടിയ വ്യാപനശേഷി ഓമിക്രോണിനുണ്ട് എന്നതുതന്നെയാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. അതുപോലെ കഴിഞ്ഞ വെള്ളിയാഴ്‌ച്ച 60 പേർ മാത്രമാണ് കോവിഡിന് ചികിത്സതേടി രാജ്യത്തെ വിവിധ ആശുപത്രികളിൽ എത്തിയതെങ്കിൽ ഇന്നലെ എത്തിയത് 279 പേരായിരുന്നു.
ഓമിക്രോൺ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാർ പറയുമ്പോൾ ദക്ഷിണാഫ്രിക്കയിൽ കോവിഡ് കത്തിപ്പടരുകയാണ്. കഴിഞ്ഞ ഒരുമാസക്കാലമായി, ഗൗട്ടാംഗ് പ്രവിശ്യയിലെ ആർ നിരക്ക് 3.5 ആയി തുടരുന്നു എന്നാണ് ഔദ്യോഗിക വക്താക്കൾ അറിയിക്കുന്നത്. ഓമിക്രോണിന് അതിവ്യാപനശേഷി ഉണ്ടെന്ന് സംശയരഹിതമായി തെളിയിക്കപ്പെടുമ്പോഴും ബാക്കിയാകുന്ന ചോദ്യം ഈ വകഭേദത്തിന് വാക്സിനെ പ്രതിരോധിക്കാൻ എത്രമാത്രം കഴിയും എന്നതാണ്. അതുപോലെ ഇത് ബാധിച്ചാൽ രോഗം എത്രമാത്രം ഗുരുതരമാകും എന്നൊരു ചോദ്യവും ഉയരുന്നുണ്ട്.
ഒരിക്കൽ കോവിഡ് വന്ന് സുഖപ്പെട്ടവരെ വീണ്ടും ബാധിക്കുന്ന കാര്യത്തിൽ ഓമിക്രോൺ മറ്റു വകഭേദങ്ങളേക്കാൾ രണ്ടിരട്ടി കൂടുതൽ കഴിവുള്ളതാണെന്ന് ഒരു പഠന റിപ്പോർട്ട് പുറത്തുവരികയും ചെയ്തിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലോകാരോഗ്യ സംഘടനയും അതുപോലെ ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ പ്രവർത്തകരും പറയുന്നത് രോഗലക്ഷണങ്ങൾ താരതമ്യേന നേരിയതാണെന്നാണ്. എന്നാൽ, യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയിലെ എപിഡെമോളജിസ്റ്റ് മീഗാൻ കാൾ പറയുന്നത് ഓമിക്ക്രോൺ ഡെൽറ്റയേക്കൾ ഭീകരമായേക്കാം എന്നാണ്.
സ്‌കോട്ട്ലാൻഡിൽ സ്ഥിരീകരിച്ച ഓമിക്രോൺ കേസുകളിൽ ആറെണ്ണം ഒരു സാംസ്‌കാരിക പരിപാടിക്കിടെ പടർന്നതാണെന്ന് നിക്കോള സ്റ്റർജൻ സ്ഥിരീകരിച്ചതിൽ പിന്നെ ബ്രിട്ടനിലാകെ ആശങ്ക പടർന്നിരിക്കുകയാണ്. ഇപ്പോൾ ഇംഗ്ലണ്ടിലെ രോഗവ്യാപനതോത് പരിഗണിക്കുമ്പോൾ ഓമിക്രോണിന്റെ സാന്നിദ്ധ്യം തീർച്ചയായും പ്രതീക്ഷിക്കാം.
ഔദ്യോഗിക കണക്കനുസരിച്ച് 59 പേരിലാണ് ബ്രിട്ടനിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ